കോട്ടായി: ആഘോഷാവസരങ്ങളിലും ഉത്സവ- വിശേഷ ദിവസങ്ങളിലും സമൃദ്ധമായ സദ്യ പൂർണമാകണമെങ്കിൽ പപ്പടം കൂടി ചേരണം. പപ്പടമില്ലാത്ത ഉൗണ് മലയാളികൾക്ക് സങ്കൽപിക്കാൻ പോലുമാകില്ല. എന്നാൽ പപ്പട നിർമാണ രംഗത്ത് പ്രവർത്തിക്കുന്നവർ ഉൽപാദന ചെലവിലെ വർധനവ് മൂലം രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ പ്രയാസത്തിലാണ്. പപ്പട നിർമാണത്തിന്റെ പ്രധാന അസംസ്കൃത വസ്തുവായ ഉഴുന്നുമാവിന്റെ വിലക്കയറ്റമാണ് മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. പൊതുവിപണിയിൽ ഒരു കിലോ തൊലി കളഞ്ഞ ഉഴുന്നിന് 150 രൂപയാണ് വില. ഉഴുന്നുമാവിന് അതിലും കൂടിയ വിലയാണ്. ഉൽപാദന ചെലവിലെ വർധനക്കനുസരിച്ച് പപ്പടത്തിന് വില വർധിപ്പിക്കാനും പറ്റില്ല.
മിക്കയിടങ്ങളിലും പപ്പട നിർമാണം കുടിൽ വ്യവസായമാണ്. ആയിരക്കണക്കിനാളുകളാണ് ഈ തൊഴിൽ ചെയ്ത് കുടുംബം പുലർത്തുന്നത്. പലയിടത്തും കുടുംബാംഗങ്ങളെല്ലാം ചേർന്ന് രാവിലെ മുതൽ രാത്രി വരെ പണിയെടുത്താണ് പപ്പടമുണ്ടാക്കുന്നത്. ഉണക്കിയെടുക്കാൻ നല്ല വെയിലും വേണം. മഴക്കാലമാണ് ഇവർക്ക് ദുരിതം. യന്ത്ര നിർമിത വൻകിട കമ്പനികളുടെ കടന്നുവരവ് ഈ കുടിൽ വ്യവസായത്തിന് വലിയ വെല്ലുവിളിയാണ്.
ഭക്ഷ്യ-ആരോഗ്യവകുപ്പ് ഉദ്യാഗസ്ഥരുടെ പരിശോധനകളും ഇവരുടെ ശ്വാസം മുട്ടിക്കുന്നതാണ്. പ്രതിസന്ധികളുണ്ടായിട്ടും മറ്റൊരു വഴിയുമില്ലാത്തതിനാലാണ് ഈ രംഗത്ത് പിടിച്ചുനിൽക്കുന്നതെന്ന് ഈ രംഗത്തെ തൊഴിലാളികൾ പറയുന്നു. സർക്കാർ പ്രത്യേകം കണ്ണുവെച്ചാലേ ഈ വ്യവസായത്തെ സംരക്ഷിക്കാനാവൂവെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.