ഒ​ട്ട​ൻഛ​ത്രം പ​ദ്ധ​തി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് ചി​റ്റൂ​ർ-​കൊ​ഴി​ഞ്ഞാ​മ്പാ​റ ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ൾ ചി​റ്റൂ​ർ അ​ണി​ക്കോ​ട്ടി​ൽ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പറമ്പിക്കുളം-ആളിയാർ: ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ

ചിറ്റൂർ: പറമ്പിക്കുളം-ആളിയാർ കരാറിൽ തമിഴ്നാടിന്‍റെ കരാർ ലംഘന നീക്കത്തിനെതിരെ ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ മുന്നണികൾ. പറമ്പിക്കുളം-ആളിയാർ കരാറിനു വിരുദ്ധമായി ആളിയാർ ഡാമിൽനിന്ന് ഒട്ടൻഛത്രത്തിലേക്ക് കുടിവെള്ള വിതരണത്തിന് പദ്ധതി തയാറാക്കിയ തമിഴ്നാടിന്‍റെ നീക്കത്തെത്തുടർന്നാണ് ആരോപണങ്ങളുമായി മുന്നണികളും സമരസമിതിയും രംഗത്തെത്തിയത്.

ആളിയാർ ഡാമിൽനിന്ന് ഒട്ടൻഛത്രത്തിലേക്ക് വെള്ളം കടത്താനുള്ള നീക്കം കേരള സർക്കാർ തടഞ്ഞില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം. ഒട്ടൻഛത്രം പദ്ധതിക്കെതിരെ കോൺഗ്രസ് ചിറ്റൂർ-കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കമ്മിറ്റികൾ ചിറ്റൂർ അണിക്കോട്ടിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജലവിഷയത്തിൽ നിരന്തര പ്രതികരണം നടത്താറുള്ള ചിറ്റൂരിന്‍റെ നിയമസഭ പ്രതിനിധിയുടെ വിഷയത്തിലെ മൗനം ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരങ്ങളെ വരൾച്ചയിലേക്കും കുടിവെള്ളക്ഷാമത്തിലേക്കും എത്തിക്കുന്ന തമിഴ്നാടിന്‍റെ നടപടി അടിയന്തരമായി തടയണം. ഇതര സംസ്ഥാനങ്ങളുമായുള്ള ജല വിഷയങ്ങളിൽ എൽ.ഡി.എഫ് സർക്കാർ നിരന്തരം പരാജയപ്പെടുകയാണെന്നും വി.ടി. ബൽറാം പറഞ്ഞു.

രാഷ്ട്രീയലാഭത്തിനായി ദീർഘവീക്ഷണമില്ലാതെടുത്ത തീരുമാനത്തിന്റെ ഫലമാണ് തമിഴ്നാടിന്‍റെ നീക്കത്തിന് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു. തമിഴ്നാട് സർക്കാർ ഒട്ടൻഛത്രം കുടിവെള്ള പദ്ധതിയുടെ പേരിൽ ജലം തട്ടിയെടുക്കാനുള്ള ശ്രമത്തിനുത്തരവാദി സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ്.

അദ്ദേഹം ജലവിഭവ മന്ത്രിയായിരിക്കുമ്പോൾ ചിറ്റൂർ മേഖലക്ക് 4.1 ഒരു ടി.എം.സി അടി ജലമുണ്ടെങ്കിൽതന്നെ ധാരാളമാണെന്ന് ഹൈകോടതിയിൽ അറിയിച്ചിരുന്നു. ഈ അഭിപ്രായമാണ് തമിഴ്നാട് സർക്കാറിന് ഒട്ടൻഛത്രം കുടിവെള്ള പദ്ധതി ആരംഭിക്കാൻ പ്രചോദനമായത്. സർക്കാറിന്‍റെ അഭിപ്രായം മൂലം ചിറ്റൂർ മേഖലയിലെ ജനങ്ങൾക്ക് ദൂരവ്യാപക പ്രത്യാഘാതമാണ് ഉണ്ടാവാൻ പോകുന്നത്. കരാർ പുനരവലോകന ചർച്ചകളിൽ സംസ്ഥാന സർക്കാർ ഹൈകോടതിയിൽ നൽകിയ അഭിപ്രായം തമിഴ്നാട് ചൂണ്ടിക്കാണിച്ചാൽ ചിറ്റൂർ മേഖലക്ക് കാലഘട്ടാനുസൃതമായി ലഭിക്കേണ്ട അധികജലം നിഷേധിക്കാൻ കാരണമാവും.

അതുകൊണ്ട് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ നൽകിയ അഭിപ്രായം പിൻവലിക്കണമെന്നും ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ് എ.കെ. ഓമനക്കുട്ടൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽനിന്ന് ഒട്ടൻഛത്രത്തിലേക്ക് വെള്ളം കൊണ്ടുപോവാനുള്ള തമിഴ്നാടിന്‍റെ പദ്ധതിക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടിയിലേക്കെന്ന് ജനതാദൾ-എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി. മുരുകദാസ് അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് ജൂൺ എട്ട്,18, 22 തീയതികളിലായി സംസ്ഥാന സർക്കാർ പദ്ധതി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. വിഷയത്തിൽ സർക്കാർ കരാർ ലംഘനത്തിന് കൂട്ടുനിൽക്കുന്നെന്ന വാദം അടിസ്ഥാനരഹിതമാണ്.

പദ്ധതിക്ക് തമിഴ്നാട് നീക്കം ആരംഭിച്ചപ്പോൾതന്നെ വകുപ്പും സംസ്ഥാന സർക്കാറും കൃത്യമായ ഇടപെടൽ നടത്തിയതായി കത്തിടപാടുകളിൽനിന്ന് വ്യക്തമാണ്.വിഷയം സംയുക്ത ജലക്രമീകരണ ബോർഡ് യോഗത്തിലും ഉന്നയിക്കും. ആവശ്യമെങ്കിൽ മുഖ്യമന്ത്രിതല ഇടപെടൽ നടത്തും.

Tags:    
News Summary - Parambikulam-Aliyar: Ruling and opposition parties with accusations and counter-accusations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.