പത്തിരിപ്പാല: ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള സാമൂഹിക നീതി വകുപ്പ് പുരസ്കാരത്തിന് സർക്കാർ വിഭാഗത്തിൽ നിന്ന് അർഹയായ കൊച്ചുനാരായണിക്കിത് അർഹിക്കുന്ന അംഗീകാരം. ജില്ല പഞ്ചായത്ത് സീനിയർ സൂപ്രണ്ടായ ഇവർ മങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരിക്കേയുള്ള പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
65 ശതമാനം ലോക്കോമോട്ടോർ ഭിന്നശേഷിയുള്ള ഇവർക്ക് രണ്ടാംവയസിൽ പോളിയോ ബാധിച്ച് വലതുകാലിന്റെ ചലനശേഷി നഷ്ടപ്പെട്ടതാണ്. സീനിയർ ക്ലർക്ക്, ഹെഡ് ക്ലർക്ക്, സെക്രട്ടറി എന്നീ നിലകളിൽ ജോലി ചെയ്യുമ്പോൾ മങ്കര പഞ്ചായത്തിന്റെ പുരോഗതിക്ക് ഭരണസമിതിയുമായി കൈകോർത്ത് പ്രവർത്തിച്ചിരുന്നു.
ജീവനക്കാരോടും പഞ്ചായത്തിലെത്തുന്നവരോടുമുള്ള സൗമ്യമായ പെരുമാറ്റമാണ് കൊച്ചു നാരായണിയെ വേറിട്ടതാക്കിയത്. ചുവപ്പുനാടയിലൊതുക്കാതെ മുന്നിലുള്ള ഫയലുകളെല്ലാം വേഗത്തിൽ തീർപ്പാക്കാൻ ശ്രദ്ധിച്ചിരുന്നു. പറളി, മങ്കര ഗ്രാമപഞ്ചായത്തുകളിൽ നൂറുശതമാനം നികുതിപിരിവ് സാക്ഷാത്കരിച്ചതിന് അംഗീകാരം നേടിയിരുന്നു. ജോലിക്കിടയിലും ഭിന്നശേഷിക്കാരായവരേയും അരക്ക് താഴെ തളർന്നവരേയും ചേർത്തുപിടിക്കുന്ന പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ഇത്തരക്കാർക്ക് സർക്കാറിൽ നിന്ന് കിട്ടാവുന്ന വിവിധ സഹായങ്ങളും ആനുകൂല്ല്യങ്ങളും വാങ്ങിനൽകാൻ മുൻപന്തിയിൽ നിന്നു. മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ ഗോകുൽ ദാസിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ പൂർണ സഹകരണവും കൊച്ചു നാരായണിക്ക് ഉണ്ടായിരുന്നു.
മങ്കരയെ പാലക്കാട് ജില്ലയിലെ ഐ.എസ്.ഒ സർട്ടിഫിക്കേഷനുള്ള ആദ്യ ഗ്രാമ പഞ്ചായത്താക്കുന്നതിലും രാജ്യത്തെ ആദ്യ എയ്ഡ്സ് സാക്ഷര പഞ്ചായത്താക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. മങ്കര പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായി തെറാപ്പിസെന്റർ, പകൽവീട് എന്നിവ നിർമ്മിക്കുന്നതിനും തുടക്കം കുറിച്ചു. ഡിസംബർ മൂന്നിന് സംസ്ഥാനഭിന്നശേഷി ദിനാചരണത്തിൽ തൃശൂരിൽ വെച്ചായിരിക്കും 25000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കുക.
പറളി തേനൂർ പാറക്കൽ അനിരുദ്ദ് വീട്ടിലാണ് താമസം. ഭർത്താവ് ഹരി ഗോവിന്ദൻ തേനൂർ എ.യു.പി സ്കൂൾ ജീവനക്കാരനാണ്. മകൻ അനിരുദ്ധൻ ഒറ്റപ്പാലം എൻഎസ്എസ് കോളജ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.