പട്ടാമ്പി: ‘ഈ പുഴയും കടന്ന്’ സുരക്ഷിതമായി മറുകരയെത്താൻ ഇനിയെത്ര കാത്തിരിക്കണം?. 58 വയസ്സുള്ള കോസ്വേക്ക് ആയുസ്സ് നീട്ടിക്കൊടുത്താലും സുരക്ഷിതയാത്ര സാധ്യമാവുമോ?, രണ്ടു പ്രളയത്തെ അതിജീവിച്ച പട്ടാമ്പി പാലം മൂന്നാമത്തെ പ്രതിസന്ധി കൂടി മറികടന്നു. മുൻപെന്ന പോലെ ഇത്തവണയും കൈവരികൾക്കാണ് തകർച്ച. സുരക്ഷ പരിശോധനയിൽ പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയമില്ലെന്ന മുൻകാല കണ്ടെത്തലുകൾ തന്നെയാവും പൊതുമരാമത്ത് വകുപ്പിൽനിന്ന് പ്രതീക്ഷിക്കേണ്ടത്. എന്നാൽ മൂന്നുതവണ ദുരിതം അതിജീവിച്ച പാലത്തിലൂടെയുള്ള യാത്ര എത്രമാത്രം സുരക്ഷിതമാവുമെന്ന ആശങ്കയാണ് നാട്ടുകാർ പങ്കുവെക്കുന്നത്.
ദുരന്തങ്ങൾക്ക് മുന്നിൽ മാത്രം കണ്ണുതുറക്കുന്ന അധികൃത സമീപനം പട്ടാമ്പിയെ നിരാശപ്പെടുത്തുകയാണ്. പാലത്തിന് മുകളിൽ വെള്ളം കയറിയിറങ്ങിയപ്പോൾ സ്ഥലത്തെത്തിയ മുഹമ്മദ് മുഹ്സിൻ എം.എൽ.എക്ക് നേരിടേണ്ടി വന്ന ചോദ്യം അതാണ് കാണിക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി പുതിയ പാലത്തിന്റെ പ്രാഥമിക നടപടി പൂർത്തിയായി എന്ന പട്ടാമ്പി എം.എൽ.എയുടെ പ്രഖ്യാപനം വന്നത് 2019 ലായിരുന്നു.
അഞ്ചു കൊല്ലമായിട്ടും പുതിയ പാലം വരാത്തതിലാണ് ചിലർ പ്രതിഷേധം അറിയിച്ചത്. 2022ൽ അന്തിമാനുമതി ലഭിച്ച പാലത്തിന്റെ സ്ഥലമേറ്റെടുപ്പാണ് ഇപ്പോഴും കീറാമുട്ടി. 30 കോടി രൂപ ആദ്യഘട്ട നിർമാണത്തിന് സർക്കാർ അനുവദിച്ചതും അനുമതി ലഭിച്ച വർഷം തന്നെ സ്ഥലമേറ്റെടുപ്പ് ആരംഭിച്ചതും എം.എൽ.എയുടെ ജാഗ്രതകൊണ്ട് മാത്രമാണ്. ഇത് പ്രതീക്ഷ വളർത്തുന്നതുമാണ്. സ്ഥലമേറ്റെടുപ്പിൽ വരുന്ന കാലതാമസമാണ് പുതിയ പാലം നിർമിക്കാനുള്ള വിഘാതം. നിലവിലെ പാലത്തിന്റെ 500 മീറ്റർ കിഴക്കു മാറിയാണ് പാലം നിർമിക്കാൻ ഉദേശിക്കുന്നത്.
370. 90 മീറ്റർ സ്പാൻ വരുന്ന പാലത്തിന് 11 മീറ്റർ വീതിയും വശങ്ങളിൽ 1.50 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും. പട്ടാമ്പി റെയിൽവേ കമാനം ഭാഗത്തുനിന്ന് തുടങ്ങി ഞാങ്ങാട്ടിരി കടവ് വരെ നീളുന്ന പാലത്തിന് പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിൽ നിന്നായി യഥാക്രമം 82, 30 സെൻറ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. 43 ഭൂവുടമകളിൽനിന്ന് സ്ഥലം വിട്ടുകിട്ടേണ്ടതുണ്ട്. വീടുകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർക്ക് മതിയായ പ്രതിഫലം നൽകി സ്ഥലമേറ്റെടുക്കണം. സ്ഥലം വിട്ടുനൽകാൻ ചിലർക്കുള്ള വൈമനസ്യമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രശ്നപരിഹാരത്തിനായി ഭൂവുടമകളുടെ യോഗം വിളിച്ചിട്ടുണ്ട്
കുറ്റിപ്പുറം-ഷൊർണൂർ തീരദേശ പദ്ധതി കിഫ്ബി ഏറ്റെടുത്തതോടെ പാലത്തിന്റെ രൂപരേഖയിൽ മാറ്റംവരുത്തിയതാണ് കാലതാമസത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പട്ടാമ്പി കമാനത്തിനടുത്ത് പാലം ചേരുന്ന ഭാഗത്താണ് ഷൊർണൂർ-കുറ്റിപ്പുറം തീരദേശ റോഡ് പട്ടാമ്പിയിൽനിന്ന് തുടങ്ങുന്ന കിഴായൂർ-നമ്പ്രം പാതയുള്ളത്. പഴയ രൂപരേഖയനുസരിച്ച് പാലം വന്നാൽ തീരദേശറോഡ് നിർമിക്കാനാവില്ലെന്ന് അധികൃതർ കണ്ടെത്തിയതോടെയാണ് രൂപരേഖ മാറ്റിയത്. തീരദേശറോഡ് കൂടി ഉൾപ്പെടുത്തിയാണ് പുതിയ പാലം നിർമിക്കുന്നത്.
പട്ടാമ്പി: പട്ടാമ്പി പാലം എം.എൽ.എക്ക് ഫോട്ടോഷൂട്ടിന് മാത്രമുള്ളതാക്കി മാറ്റിയെന്ന് കോൺഗ്രസ് ആരോപണം. രണ്ടു പ്രളയം വന്നപ്പോൾ നാട്ടുകാർ ആവശ്യപ്പെട്ട പുതിയ പാലം ഇന്നുവരെ യാഥാർഥ്യമായിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തി നടത്തി മാസങ്ങൾക്കകം തുറന്നു കൊടുത്തതാണ് ചെറുതുരുത്തി, പുലാമന്തോൾ പാലങ്ങൾ. അതേ പ്രാധാന്യത്തിൽ പട്ടാമ്പി പാലം നിർമിക്കുന്നതിൽ എം.എൽ.എയും സർക്കാറും എന്തുകൊണ്ടാണ് നിസ്സംഗത പുലർത്തുന്നതെന്ന് നേതാക്കൾ ചോദിച്ചു. അപകടം വരുമ്പോൾ അവിടെയെത്തി ബൈറ്റ് കൊടുക്കുക മാത്രമാണ് ജനപ്രതിനിധി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പാലം ശുചീകരണത്തിൽ എം.എൽ.എയുടെ നിർദേശത്തിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മാത്രം കടത്തിവിട്ടെന്നും ദുരന്തമുഖത്തും എം.എൽ.എ രാഷ്ട്രീയ വിവേചനവും അൽപത്തവും കാണിക്കുകയാണെന്നും കെ.ആർ. നാരായണസ്വാമി, ഉമ്മർ കിഴായൂർ, ഇ.ടി. ഉമ്മർ, കെ. ബഷീർ, പി.കെ. ഉണ്ണികൃഷ്ണൻ, അഡ്വ. എം. രാമദാസ് എന്നിവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.