പട്ടാമ്പി: ശരീരത്തിെൻറ തളർച്ച മറന്ന് സഹജീവികളുടെ അതിജീവനത്തിനായി പോരാടുന്ന വാസുണ്ണിയുടെ 'സഹയാത്ര'ക്ക് കൈത്താങ്ങുമായി സഹപാഠികൾ. 36 വർഷമായി ചക്രക്കസേരയിൽ ജീവിതം തളച്ചിടപ്പെട്ട പരുതൂർ പട്ടാഴി രാമൻനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകൻ വാസുണ്ണി എന്ന 56കാരനാണ് പരുതൂർ ഹൈസ്‌കൂളിലെ ആദ്യ ബാച്ചുകാരുടെ പ്രഥമ സംഗമത്തിൻെറ ഓർമക്കായി ഉപഹാരം നൽകുന്നത്.
വാസുണ്ണിക്ക് പ്രത്യേകം സജ്ജമാക്കിയ കാറാണ് സഹപാഠികൾ സമ്മാനിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10ന് ചെമ്പ്രയിലെ വടക്കേടത്തുമനയിൽ ഗുരുനാഥൻകൂടിയായ വി.ആർ. അച്യുതൻ മാഷ് പ്രിയശിഷ്യന് കൂട്ടുകാരുടെ സ്നേഹോപഹാരം സമർപ്പിക്കും.
ഒന്നാം വർഷ ബിരുദവിദ്യാർഥിയായിരിക്കെ 36 വർഷങ്ങൾക്കുമുമ്പ് കരസേനാംഗമാവാനുള്ള മോഹവുമായി ബംഗളൂരുവിലേക്കുള്ള യാത്രയാണ് വാസുണ്ണിയുടെ ജീവിതത്തിൽ കൊടുങ്കാറ്റുവിതച്ചത്. വാഹനാപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് അരക്കുതാഴെ ചലനശേഷി നഷ്ടമായി.
വിധിയോട് സന്ധിചെയ്യാതെ തന്നെപ്പോലുള്ളവരെ ചേർത്തുനിർത്തി സാന്ത്വനം പങ്കിടാനുള്ള ആത്മധൈര്യം വാസുണ്ണിയെ പുതിയ മേച്ചിൽപുറങ്ങളിലെത്തിച്ചു. കൂടപ്പിറപ്പുകൾ വാങ്ങിനൽകിയ നാലു ചക്രവാഹനം കൈകൾകൊണ്ട് പ്രവർത്തിപ്പിക്കാവുന്നതരത്തിൽ രൂപമാറ്റം വരുത്തി പരസഹായം കൂടാതെ യാത്രകൾ.
ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളും നിവേദനങ്ങളുമായി അധികാര കേന്ദ്രങ്ങളുടെ ഇടനാഴികകളിലൂടെ വാസുണ്ണിയുടെ ചക്രക്കസേര അവിരാമം സഞ്ചരിച്ചു.
പൊതുയിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള പ്രക്ഷോഭങ്ങൾക്ക് ചക്രക്കസേരക്കാർ ഒത്തുകൂടിയപ്പോൾ അതിെൻറ അമരക്കാരനായി ശക്തിപകർന്നു. വാസുണ്ണി സംസ്ഥാന വർക്കിങ് പ്രസിഡൻറായി ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ പിറവിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.