പിറ്റ് ലൈൻ നിർമാണം ആരംഭിക്കുന്ന പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ പരിസരം
പാലക്കാട്: ടൗൺ റെയിൽവേ സ്റ്റേഷനോട് ചേർന്ന് എട്ടേക്കറിൽ നിർമിക്കുന്ന അത്യാധുനിക പിറ്റ് ലൈനിന്റെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു. റെയിൽവേ ഡിവിഷനിലെ പ്രധാന പദ്ധതിയായ പിറ്റ്ലൈൻ ലക്ഷ്യമിട്ടതിന്റെപകുതി പോലുമായില്ല. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്ക് സൗകര്യമൊരുക്കുകയും, പുതിയ ട്രെയിനുകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്ന പദ്ധതി വൈകുന്നത് കരാറുകാരന്റെ വീഴ്ചയാണെന്ന് റെയിൽവേ പറയുന്നു. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടിട്ടും ഫലമുണ്ടായിട്ടില്ല.
61 കോടി രൂപയുടെ പദ്ധതിക്കായി മണ്ണെടുക്കുന്നതും സമയബന്ധിതമായി പണം അനുവദിക്കുന്നതും തടസ്സപ്പെട്ടെങ്കിലും രണ്ടും പിന്നീട് പരിഹരിച്ചു. ഫണ്ട് കൃത്യമായിട്ടും പണി ഇഴയുന്നതിൽ ഡിവിഷനും അതൃപ്തിയിലാണ്. പദ്ധതി ഈ വർഷം ഡിസംബറിൽ പൂർത്തിയാക്കാനുള്ള റെയിൽവേയുടെ നിർദേശത്തിന് മെല്ലെപ്പോക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. ആവശ്യത്തിന് യന്ത്രങ്ങളും തൊഴിലാളികളെയും കരാറുകാരൻ എത്തിക്കുന്നില്ലെന്നാണ് ആക്ഷേപം. ഏപ്രിലിൽ ലൈൻ സ്ഥാപിച്ച് ജൂണിന് മുമ്പ് കോൺക്രീറ്റ് നടത്തേണ്ടതാണെങ്കിലും ഇതുവരെ 30 ശതമാനം മാത്രമാണ് പൂർത്തിയായത്. ഇനി ട്രാക്കിട്ട് ബന്ധിപ്പിക്കുന്നത് ഉൾപ്പെടെ ബാക്കിയാണ്. അറ്റകുറ്റപ്പണി ആവശ്യമായ ട്രെയിനുകൾ പിറ്റ്ലൈനിലാണ് പരിശോധിക്കുക. പരിശോധന കഴിഞ്ഞവക്ക് സ്റ്റേബിളിങ്ങ് ലൈനുണ്ട്. ഗൗരവമായ ജോലികൾ സിക്ക് ലൈനിലാണ് ചെയ്യുക.
റെയിൽ ഡിവിഷൻ ആസ്ഥാനമായ പാലക്കാട്ട് പിറ്റ് ലൈൻ ഇല്ലാതിരുന്നത് ദീർഘദൂര ട്രെയിനുകൾ ആരംഭിക്കുന്നതിന് തടസ്സമാണ്. ഇതുകാരണം പാലക്കാട് റെയിൽവേ ഡിവിഷനിൽ ദീർഘദൂര ട്രെയിനുകൾ ആരംഭിച്ചത് മംഗളൂരുവിൽ നിന്നാണ്. ഡിവിഷൻ പരിധിയിലെ മൂന്നാമത്തെ പിറ്റ് ലൈനിന്റെ പണികൾ പാലക്കാട് ടൗൺ സ്റ്റേഷനിൽ പൂർത്തിയായാൽ മൂന്ന് ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല കോയമ്പത്തൂരിൽനിന്നുള്ള ചില ട്രെയിനുകൾ പാലക്കാട്ടേക്ക് നീട്ടാനും കഴിയും. സിക്ക് ലൈൻ മറ്റൊരു കരാറുകാരനാണ് നിർമിക്കുന്നത്. ഇതിനൊപ്പം ടൗൺ സ്റ്റേഷനിലെ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിച്ച് മൂന്നാം പ്ലാറ്റ്ഫോം പൊള്ളാച്ചി ലൈനുമായി ബന്ധിപ്പിക്കാനും നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.