പാലക്കാട്: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്നുണ്ടെന്ന ആരോപണം ജില്ല മെഡിക്കൽ ഓഫിസിൽ പ്രവർത്തിക്കുന്ന വിജിലൻസ് വിഭാഗം ജാഗ്രതയോടെ പരിശോധിച്ച് ഫലപ്രദമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമീഷൻ. ജില്ല മെഡിക്കൽ ഓഫിസർക്കാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകിയത്. പാലക്കാട് ജില്ല ആശുപത്രിക്കെതിരെയുള്ള ആരോപണം അന്വേഷിക്കാൻ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകിയതായി ഡി.എം.ഒ അറിയിച്ചു.
സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള സർക്കാർ ഉത്തരവുകൾ പാലിക്കാൻ എല്ലാ ഡോക്ടർമാർക്കും സൂപ്രണ്ട് നിർദേശം നൽകിയിട്ടുണ്ട്. ജില്ല ആശുപത്രിയിലെ തിരക്ക് കാരണം ശസ്ത്രക്രിയകൾക്ക് കാലതാമസമുണ്ടാകാറുണ്ടെന്നും ഭാവിയിൽ ഇത്തരം ആരോപണങ്ങൾ ഉണ്ടാകാതിരിക്കാൻ സൂപ്രണ്ട് ശ്രദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ജില്ല ആശുപത്രിയിൽ പരാതിപ്പെട്ടി സൂക്ഷിച്ചിട്ടുണ്ടെന്നും ലഭിക്കുന്ന പരാതികൾ ഡി.എം.ഒ വിജിലൻസ് പരിശോധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ചില ഡോക്ടർമാർക്കെതിരെയാണ് ആരോപണമെങ്കിലും ഇതിന്റെ ഗൗരവം കുറച്ചുകാണാനാവില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുന്നത് പതിവാണെന്ന് ജനതാദളിന് (യുണൈറ്റഡ്) വേണ്ടി പരാതി നൽകിയ മുഹമ്മദ് റാഫി കമീഷനെ അറിയിച്ചു. 2023 ഡിസംബർ 12ന് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടെന്നും ഇവിടെ സർക്കാർ ഡോക്ടർ പ്രാക്ടീസ് ചെയ്യാറുണ്ടെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.