പാലക്കാട്: അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിങ് കോളജിൽ ഒന്നാംവർഷ മെക്കാനിക്കൽ എൻജിനീയറിങിന് പഠിക്കുന്ന ദലിത് വിദ്യാർഥിയെ റാഗിങ് നടത്തിയ വിദ്യാർഥികളെ കോളജ് അധികൃതർ സംരക്ഷിക്കുന്നെന്ന് ഇരയായ വിദ്യാർഥിയും മാതാവും വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞ മാസം 28നു രാത്രി കോളജിന് പുറത്തെ സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന താനുൾപ്പെടുന്ന മൂന്നുവിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിനിരയാക്കിയന്ന് ഇരയായ വിദ്യാർഥി ആരോപിച്ചു. ആദ്യഘട്ടം കോളജ് അധികൃതർ ഇതിനെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഹേമാംബിക, പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തിട്ടില്ല. പിന്നീട് ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയപ്പോൾ മാത്രമാണ് 15 പേർക്കെതിരേ കേസെടുത്തത്. പിന്നീട് നാലുപേരെ അറസ്റ്റ് ചെയ്യുകയും അവരെ ജാമ്യത്തിൽ വിടുകയും ചെയ്തു. റാഗിങ് സംഘത്തിൽ മുപ്പതോളം പേർ ഉണ്ടായിരുന്നതായി അക്ഷയ് രാജ് പറഞ്ഞു. പൊതുപ്രവർത്തകൻ വി.എം. മാർസൻ, വാളയാർ കുട്ടികളുടെ അമ്മ ഭാഗ്യവതി, കൃഷ്ണൻ മലമ്പുഴ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കുറ്റം കണ്ടെത്തിയവരെ മാതൃകപരമായി ശിക്ഷിച്ചു -പ്രിൻസിപ്പൽ
പാലക്കാട്: വിദ്യാർഥി റാഗിങിനിരയായെന്ന പരാതി ലഭിച്ചപ്പോൾ തന്നെ ആന്റി റാഗിങ് കമ്മിറ്റി വഴി അന്വേഷണം നടത്തി കുറ്റം കണ്ടെത്തിയവരെ മാതൃക പരമായി ശിക്ഷിച്ചെന്ന് പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. എൻ. രാജീവ്. കോളജിന് പുറത്തുനടന്ന സംഭവമാണ്. എങ്കിലും പരാതിയുടെ അടിസ്ഥാനത്തിൽ ചെയ്യേണ്ട നടപടിക്രമം പൂർത്തിയാക്കി നടപടിയും സ്വീകരിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.