പാലക്കാട്: നഗരത്തിൽ പൊതുഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന വിധം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂനിറ്റ് സ്ഥാപിച്ച സൈൻബോർഡുകൾ നീക്കം ചെയ്യണമെന്ന കൗൺസിലറുടെ ആവശ്യത്തിൽ നഗരസഭ സെക്രട്ടറി ഒരു മാസത്തിനുള്ളിൽ വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥാണ് നിർദേശം നൽകിയത്.
നഗരസഭ സെക്രട്ടറിയിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. റോഡുകളിൽ ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗവും സ്വകാര്യ പരസ്യ ഏജൻസികളും അനധികൃതമായി മീഡിയനുകളിൽ സ്ഥാപിച്ച ബോർഡുകൾ നീക്കാൻ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂനിറ്റിന് കത്ത് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. അനധികൃതവും അപകടകരവുമായ മീഡിയനുകൾ നീക്കാൻ എൻഫോഴ്സ്മെന്റ് യൂനിറ്റിന് നിർദേശം നൽകിയിട്ടുണ്ട്.
പാലക്കാട് എ.എസ്.പി സമർപ്പിച്ച റിപ്പോർട്ടിൽ പരസ്യ ബോർഡുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും സൈൻബോർഡുകളും സിഗ്നലുകളും മാത്രമാണ് നിലവിലുള്ളതെന്നും പറയുന്നു. എന്നാൽ എൻഫോഴ്സ്മെന്റ് വിഭാഗം സ്ഥാപിച്ച സൈൻബോർഡുകൾ ഇന്ത്യൻ റോഡ് കോൺഗ്രസ് അംഗീകരിച്ച മാതൃകയിലുള്ളതല്ലെന്ന് പരാതിക്കാരൻ അറിയിച്ചു.
ഒരു മീഡിയനിൽ പരസ്യം ചെയ്യാൻ പ്രതിമാസം 5000 രൂപയാണ് പരസ്യ ഏജൻസി സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുന്നതെന്നും ഇത്തരത്തിൽ നൂറുകണക്കിന് ബോർഡുകളിൽ പരസ്യം ചെയ്യാനുള്ള അവകാശം ടെന്റർ നടപടികളില്ലാതെയാണ് എജൻസികൾക്ക് നൽകിയതെന്നും പരാതിക്കാരൻ പറഞ്ഞു. റോഡ് നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സർക്കാർ വകുപ്പുകൾ റോഡിൽ സൈൻബോർഡ് സ്ഥാപിക്കാനാവശ്യമായ തുക വകയിരുത്തുന്നുണ്ട്.
ഇതിനു പുറമേ വാഹന നികുതിയിലെ ഒരംശം റോഡ് സുരക്ഷക്കായി വകയിരുത്തുന്നുമുണ്ട്. ഈ ഫണ്ട് ഉപയോഗിച്ച് നിയമാനുസൃതമായി സൈൻബോർഡ് സ്ഥാപിക്കുന്നതിന് പകരം 90 ശതമാനത്തിലേറെ പരസ്യങ്ങളടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ബോർഡ് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് പരാതിക്കാരൻ അറിയിച്ചു. ഇക്കാര്യം കൂടി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ പാലക്കാട് നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. നഗരസഭ 15ാം വാർഡ് കൗൺസിലർ എം. ശശികുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.