പാലക്കാട്: എഫ്.സി.ഐയിൽനിന്ന് റേഷൻ വിതരണത്തിന് പാലക്കാട്(കഞ്ചിക്കോട്) എൻ.എഫ്.എസ്.എ ഗോഡൗണിൽ എത്തിച്ച പച്ചരി കേടുവന്ന സംഭവത്തിൽ പരസ്പരം പഴി ചാരി എഫ്.സി.ഐയും സപ്ലൈകോയും. 5000 ചാക്ക് പച്ചരിയാണ് കേടുവന്നത്. പുഴുവരിച്ച അവസ്ഥയിലുള്ള അരി പുറത്തെടുത്തു വൃത്തിയാക്കി വീണ്ടും ചാക്കിലാക്കുകയാണ്. ഇതിന് മൂന്ന് താലക്കാലിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ദിവസം 50 ചാക്ക് മാത്രമാണ് വൃത്തിയാക്കാൻ കഴിയുന്നത്. അരി വൃത്തിയാക്കാൻ മാസങ്ങൾ വേണ്ടി വരും. ദിവസങ്ങൾ കഴിയുന്തോറും അരി വീണ്ടും കേടുവരും. എഫ്.സി.ഐയിൽ കൊണ്ടുവരുമ്പോൾ കേട് ഉണ്ടായിരുന്നില്ലെന്നും സപ്ലൈകോ ഗോഡൗണിലെത്തിയതിനുശേഷമാണ് അരി കേടുവന്നതാണ് എന്നാണ് എഫ്.സി.ഐ അധികൃതർ പറയുന്നത്.
എഫ്.സി.ഐ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ ഗുണനിലവാരം കുറഞ്ഞതാണെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് അധികൃതരുടെ വാദം. പകരം പി.ഡി.എസ് (പൊതുവിതരണ സംവിധാനം) ഗോഡൗണുകളിൽ കൂടുതൽ കാലം സൂക്ഷിക്കുന്നതും ഫിഫോ (ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട്) സമ്പ്രദായം അവലംബിക്കാത്തതിനാലുമാണ് ഭക്ഷ്യധാന്യങ്ങൾ കേടാകുന്നതെന്നുമാണ് എഫ്.സി.ഐയുടെ വാദം. പച്ചരി വേഗം കേടുവരാനുള്ള സാധ്യതയുള്ളതിനാൽ പെട്ടെന്ന് കൊടുത്ത് ഒഴിവാക്കുകയാണ് പതിവ്. പൊതുവിതരണ വകുപ്പ്, സപ്ലൈകോ, എഫ്.സി.ഐ ഉദ്യോഗസ്ഥർ സംയുക്തമായി ഗുണനിലവാര പരിശോധ നടത്തിയതിനുശേഷം സാമ്പിൾ സഹിതം ശേഖരിച്ച് കീടബാധയില്ലാത്തതും ഗുണനിലവാരമുള്ളതുമായ ഭക്ഷ്യധാന്യം മാത്രമെ വിതരണം ചെയ്യുന്നുള്ളു എന്നാണ് എഫ്.സി.ഐ പറയുന്നത്.
മാത്രമല്ല എഫ്.സി.ഐയിൽനിന്ന് പൊതുവിതരണ വകുപ്പ് ജീവനക്കാരന്റെ സാന്നിധ്യത്തിലാണ് ഭക്ഷ്യധാന്യം വാഹനത്തിൽ കയറ്റുന്നത്. ആ സമയത്തും പരിശോധിക്കാവുന്നതാണെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.