പാലക്കാട്: ആദിവാസികളുടെ ഉന്നമനത്തിനെന്ന പേരിൽ ഊർജ വകുപ്പിനു കീഴിലുള്ള അനെർട്ട് (ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബ്ൾ എനർജി റിസർച് ആൻഡ് ടെക്നോളജി) അട്ടപ്പാടിയിൽ നടപ്പാക്കിയ 6.35 കോടിയുടെ പദ്ധതിയിൽ അഴിമതിയെന്ന് ആരോപണം. കോടികൾ ചെലവഴിച്ച് അട്ടപ്പാടി താഴെ തുടുക്കി, മേലെ തുടുക്കി, ഗലസി, ഊരടം എന്നീ പ്രാക്തന ഗോത്രവർഗ ഉന്നതികളിൽ നടപ്പാക്കിയ പദ്ധതികളിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഉദ്യോഗസ്ഥരും ചേർന്ന് കോടികളുടെ അഴിമതി നടത്തിയതായി ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
താഴെ തുടുക്കി ഉന്നതിയിൽ സോളാർ-വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് സ്ഥാപിക്കാൻ 2021 ഡിസംബർ 21ന് ക്ഷണിച്ച 1,43,38,800 രൂപയുടെ ടെൻഡറിൽ യോഗ്യതയുള്ള ഒരു കമ്പനി മാത്രമാണ് പങ്കെടുത്തത്. ഒരു കമ്പനിയിൽനിന്നു മാത്രം ടെൻഡർ ലഭിച്ചാൽ റീ ടെൻഡർ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാതെയും കാറ്റിന്റെ ലഭ്യത സംബന്ധിച്ച് പഠനം നടത്താതെയുമാണ് തെലങ്കാന ആസ്ഥാനമായ കമ്പനിക്ക് ടെൻഡറിൽ രേഖപ്പെടുത്തിയ തുകക്ക് കരാർ ഉറപ്പിച്ചത്. പിന്നീട് ടെൻഡറിലേതിനേക്കാൾ 27.66 ലക്ഷം രൂപ കൂടുതൽ അനുവദിക്കണമെന്ന കമ്പനിയുടെ ആവശ്യം തള്ളുന്നതിനു പകരം 2023 ജൂലൈ 19ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അനെർട്ട് ഗവേണിങ് ബോഡി യോഗം തുക നൽകാൻ സർക്കാറിന് ശിപാർശ നൽകി. ഈ അഴിമതിയിൽ അനെർട്ട് ചെയർമാനായ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും സി.ഇ.ഒ നരേന്ദ്രനാഥ് വേലൂരിയുടെയും പങ്ക് ഇതിലൂടെ വ്യക്തമാണെന്ന് സുമേഷ് അച്യുതൻ ആരോപിച്ചു.
താൽപര്യമുള്ള കമ്പനിക്ക് കരാർ ലഭിക്കാൻ മേലെ തുടുക്കി പദ്ധതിയുടെ (മേലെ തുടുക്കി, ഗലസി, ഊരടം എന്നീ ഉന്നതികളിൽ) ടെൻഡർ രണ്ടു പ്രാവശ്യം റദ്ദാക്കി. സ്പെസിഫിക്കേഷൻ മാറ്റി 2023 ഏപ്രിൽ 20ന് മൂന്നാമതും ടെൻഡർ ക്ഷണിച്ചു. ഇതുസംബന്ധിച്ച് 2024 ജനുവരി 31ന് നിയമസഭയിൽ വന്ന ചോദ്യത്തിനുള്ള മറുപടിയിൽ ടെൻഡർ റദ്ദാക്കിയതിന്റെ കാരണമോ ടെൻഡറിൽ കമ്പനികൾ സമ്മതിച്ച തുകയെ സംബന്ധിച്ചോ ഒന്നും പറയാതെ സഭയെ തെറ്റിദ്ധരിപ്പിച്ചു.
മേലേ തുടുക്കി പദ്ധതിയിലെ സോളാർ പവർപ്ലാന്റിനു മാത്രമായി നടത്തിയ ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുകയായ 1,92,00,000 രൂപ രേഖപ്പെടുത്തിയ കമ്പനിക്ക് വർക്ക് ഓർഡർ നൽകാതെ മന്ത്രിക്ക് താൽപര്യമുള്ള കമ്പനിക്ക് കരാർ ഉറപ്പിച്ചുനൽകിയത് 3,48,23,836 രൂപക്കാണെന്നും സുമേഷ് ആരോപിച്ചു. 2023 മേയ് 26ന് വർക്ക് ഓർഡർ ലഭിച്ച കമ്പനി പദ്ധതിയിൽ സ്ഥാപിച്ച ഇൻവെർട്ടറിന് ടെൻഡറിൽ നിർദേശിച്ചിരുന്ന ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്) സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വിൻഡ് ജനറേറ്ററാണ് കമ്പനി സ്ഥാപിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
സാമഗ്രികളെത്തിക്കാൻ 89 ലക്ഷം; അഞ്ചു ലക്ഷം പോലും ലഭിച്ചില്ലെന്ന് ഊരുവാസികൾ
പാലക്കാട്: പദ്ധതിക്ക് ആവശ്യമായ സാധന സാമഗ്രികൾ എത്തിക്കാൻ പണിക്കൂലിയായി ആദിവാസികൾക്കു നൽകിയെന്ന പേരിൽ അനുവദിച്ച 89 ലക്ഷത്തോളം രൂപയിൽ അഞ്ചു ലക്ഷം രൂപപോലും ഊരുവാസികൾക്ക് നൽകിയില്ലെന്ന് പരാതി. താഴെ തുടുക്കിയിൽ സാധനസാമഗ്രികൾ എത്തിക്കാനായി 27.66 ലക്ഷം രൂപ ടെൻഡറിന് പുറത്ത് അനുവദിച്ചിരുന്നു. മേലേ തുടുക്കിയിലാവട്ടെ ഈ ഇനത്തിൽ വകയിരുത്തിയത് 61.20 ലക്ഷം രൂപയാണ്. എന്നാൽ, തങ്ങൾക്ക് പണിക്കൂലിപോലും ലഭിച്ചില്ലെന്ന് ഊരുവാസികൾ പറയുന്ന വിഡിയോയും സുമേഷ് അച്യുതൻ പുറത്തുവിട്ടു. താഴെ തുടുക്കി ഉന്നതിയിൽ ഭാഗികമായും മേലെ തുടുക്കിയിൽ പൂർണമായും സോളാർ വിൻഡ് ഹൈബ്രിഡ് പവർ പ്ലാൻറ് യൂനിറ്റുകൾ നിലവിൽ പ്രവർത്തനരഹിതമാണ്.
ആരോപണം അന്വേഷിക്കാൻ സമിതി, രണ്ടാഴ്ചക്കകം റിപ്പോർട്ട് -മന്ത്രി
പാലക്കാട്: അനെർട്ട് ആദിവാസി പദ്ധതിയിലെ അഴിമതി ആരോപണം അന്വേഷിക്കാൻ സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു.
അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഊർജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തും. സോളാർ പ്ലാന്റുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താൻ അനെർട്ട് സി.ഇ.ഒക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.