പാലക്കാട്: ജില്ലയില്‍ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സൂര്യാഘാതവും സൂര്യാതപവും മൂലമുള്ള പൊള്ളലിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ അതിജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കൂടുതല്‍ കരുതല്‍ സ്വീകരിക്കണം. രാവിലെ 11 മുതല്‍ മൂന്നു വരെ നേരിട്ട് വെയില് കൊള്ളരുത്. വെയിലത്ത് നടക്കേണ്ടിവരുമ്പോള് കുട, തൊപ്പി, ടവ്വല്‍ എന്നിവ ഉപയോഗിക്കണം. പുറത്തുപോകുമ്പോള്‍ ഷൂസ് അല്ലെങ്കില്‍ ചെരിപ്പ് നിര്‍ബന്ധമായും ധരിക്കണം. പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് ഒഴിവാക്കണം. കഴിവതും ഇളംനിറമുള്ള പരുത്തിവസ്ത്രങ്ങള്‍ ഉപയോഗിക്കണം. ഇടക്ക് കൈ, കാല്, മുഖം ശുദ്ധജലമുപയോഗിച്ച് കഴുകണം. ചെറിയ കുട്ടികള്‍, പ്രായാധിക്യം മൂലമുള്ള ശാരീരികപ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍, ഗര്‍ഭിണികള്‍, അസുഖം മൂലം ക്ഷീണമനുഭവിക്കുന്നവര്‍ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
പുറത്തുപോകുമ്പോള്‍ എപ്പോഴും കുടിവെള്ളം കരുതണം. ദാഹമില്ലെങ്കിലും ഇടക്കിടെ ശുദ്ധജലം കുടിക്കണം, ശാരീരികാധ്വാനമനുസരിച്ചും വിയര്‍പ്പനുസരിച്ചും കൂടുതല്‍ വെള്ളം കുടിക്കണം.
സംഭാരം, ഇളനീര്, നാരങ്ങവെള്ളം ഇവയെല്ലാം ധാരാളം കഴിക്കാം. മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് സിന്തറ്റിക് കോളകള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കണം. സൂര്യാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലെ വ്യതിയാനങ്ങള്‍, അബോധാവസ്ഥ, തൊലി ചുവന്നുതടിക്കല്‍, വേദന, പൊള്ളല്‍, തൊലിപ്പുറത്ത് കുരുക്കള്‍, പേശീവലിവ്, ഓക്കാനം, ഛർദി, മൂത്രത്തിന്റെ അളവ് കുറഞ്ഞ് മഞ്ഞ നിറമാകൽ എന്നിവയെല്ലാം സൂര്യാഘാതമോ സൂര്യാതപമോ ഏറ്റതിന്റെ ലക്ഷണങ്ങളാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.