ഷൊർണൂർ: മലയാള ചലച്ചിത്ര നടിമാർക്കിടയിൽ തന്റേതായ കൈയൊപ്പ് ചാർത്തിയാണ് മീന ഗണേഷ് വിടവാങ്ങിയത്. സ്വന്തം ജീവിതാനുഭവങ്ങൾ കൊണ്ട് കൂടിയാകണം ദാരിദ്ര്യം കലർന്ന ചുറ്റുപാടിലുള്ള വീട്ടമ്മയുടെ വേഷം അവർക്ക് തൻമയത്തത്തോടെ അഭ്രപാളിയിലേക്ക് സന്നിവേശിപ്പിക്കാനായത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ പ്രേക്ഷക മനസ്സിൽ ഒളിമങ്ങാതെ ഇന്നും കണ്ണീർ പൊഴിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നും കൊണ്ടല്ല. നന്ദനത്തിലെ തമാശയുടെ മേമ്പൊടിച്ഛായ പകർന്ന കഥാപാത്രത്തെ എത്ര കണ്ടാലും മതിവരില്ല.
1975ൽ പി.എ. ബക്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മണിമുഴക്കം എന്ന സിനിമയിലൂടെയാണ് അവർ വെള്ളിത്തിരയിലെത്തിയത്. സത്യൻ അന്തിക്കാടിന്റെയും വിനയന്റെയും സിനിമകളിൽ മീന ഗണേഷ് അവിഭാജ്യ ഘടകമായി. ഇരുനൂറോളം സിനിമകളിലും മുപ്പതോളം സീരിയലുകളിലും അവർ നടനവൈഭവം വെളിവാക്കി. എട്ട് സുന്ദരികളും ഞാനും എന്ന സീരിയലിലെ അഭിനയത്തിലൂടെ വീടുകളിലെ സ്വീകരണമുറികളിലും തിളങ്ങി.
നാടകരംഗം കത്തിജ്വലിച്ചുനിന്നപ്പോൾ ഭർത്താവ് എ.എൻ. ഗണേഷിന്റെ കൈപിടിച്ച് അവർ അന്നത്തെ മിക്ക മികച്ച നാടക സമിതികൾക്കൊപ്പവും അരങ്ങുവാണു. എസ്.എൽ പുരം, സൂര്യസോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി അടക്കമുള്ള നിരവധി നാടക സമിതികൾ അവർക്കായി കഥാപാത്രങ്ങൾ ഒരുക്കി. സംഗീത നാടക അക്കാദമി പുരസ്കാരമടക്കം ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി. സിനിമയിൽ തിളങ്ങിനിൽക്കുമ്പോഴും മുഖത്തെ സ്ഥായീഭാവം ദുഃഖത്തിന്റേതായിരുന്നു. എപ്പോഴും നിഴലുപോലെ ഒപ്പമുണ്ടായിരുന്ന ഭർത്താവിന്റെ വേർപാട് ദുഃഖഭാവത്തോടൊപ്പം ദൈന്യതയും ഏറ്റുന്നതായി. ആത്മഹത്യയെപ്പറ്റി വരെ ചിന്തിക്കുന്നതായി അവർ പലയിടത്തും സൂചിപ്പിച്ചിരുന്നു.
കുടുംബത്തിലുണ്ടായ അസ്വാരസ്യങ്ങൾ അവർ പൊലീസ് സ്റ്റേഷനിലെത്തി പരാതി കൊടുക്കുന്നിടത്തേക്കുവരെ കാര്യങ്ങൾ എത്തിച്ചു. കുറച്ച് വർഷങ്ങളായി ഷൊർണൂരിലെ വീട്ടിൽ അസുഖവും സാമ്പത്തിക പരാധീനതയും മാത്രമാണ് അവർക്ക് കൂട്ടായുണ്ടായിരുന്നത്. കലാഭവൻ മണിയുണ്ടായിരുന്നെങ്കിൽ തനിക്ക് ഈ ഗതി വരില്ലായിരുന്നെന്നും അവർ തുറന്നു പറഞ്ഞിരുന്നു. ആസ്വാദകരിലേക്ക് കണ്ണീർ പടർത്തുന്ന നിരവധി വേഷങ്ങൾ പകർന്നാടിയ അവർ ജീവിതത്തിലും കയ്പുനീർ ഏറെ കുടിച്ചാണ് യാത്രയായത്. അവർ മരിച്ചിട്ടും സിനിമ രംഗത്തെ പ്രമുഖരാരും ആദരാഞ്ജലി അർപ്പിക്കാനെത്താതിരുന്നതും മറ്റൊരു വിങ്ങലാണ് നാട്ടുകാർക്ക് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.