ഷൊർണൂർ: ടൗണിൽ താമസിക്കുന്നവർക്ക് വിനോദത്തിനും വ്യായാമം ചെയ്യാനുമായി ലക്ഷ്യമിട്ട നഗരവനം പദ്ധതി ആരംഭിച്ചു. കുളപ്പുള്ളി ചുവന്ന ഗെയ്റ്റിലെ വനം വകുപ്പ് ഒറ്റപ്പാലം റേഞ്ച് ഓഫിസിനടുത്ത സ്ഥലത്താണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. 25 ഏക്കർ സ്ഥലത്ത് അതിര് തിരിച്ച് ക്രമീകരിച്ചിട്ടുള്ള പദ്ധതിയിൽ ഗ്രാമഭംഗി ചോരാത്ത തരത്തിലുള്ള പ്രവേശന കവാടം, കുട്ടികളുടെ പാർക്ക്, നക്ഷത്ര വനം, വെള്ളച്ചാട്ടം, നടപ്പാത, ഓപൺ ജിം എന്നിവയുണ്ട്. വൈകാതെ ഭക്ഷണശാലയും പ്രവർത്തിച്ച് തുടങ്ങും. നിലവിലുണ്ടായിരുന്ന ക്വാറിക്ക് കൈവരി നിർമിച്ച് ഭംഗിയുള്ള കുളമാക്കി മാറ്റിയിട്ടുണ്ട്. വിവിധയിനം മുളകൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. വൈകാതെ വൃക്ഷത്തൈകളും മറ്റും വിപണനാടിസ്ഥാനത്തിൽ ലഭിക്കുന്ന നഴ്സറിയുണ്ടാക്കും.
ഒക്ടോബർ പത്ത് വരെ പ്രവേശനം സൗജന്യമാണ്. അതിന് ശേഷം മുതിർന്നവർക്ക് ഇരുപതും കുട്ടികൾക്ക് പത്തും വീതം നിരക്ക് ഈടാക്കും.
40 ലക്ഷം രൂപയുടെ കേന്ദ്ര സർക്കാർ വിഹിതത്തിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ സംസ്ഥാന സർക്കാർ, നഗരസഭ വിഹിതത്തിൽ വേറെയും സൗകര്യങ്ങളൊരുക്കും. സ്വകാര്യ പങ്കാളിത്തവും തേടുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
പാലക്കാട്-പട്ടാമ്പി സംസ്ഥാന പാതയിൽനിന്ന് കേവലം ഒരു കിലോമീറ്റർ ദൂരമാണ് നഗരവനത്തിലേക്കുള്ളത്. അതിനാൽ യാത്രക്കാർക്കും വിനോദത്തിനും വിശ്രമത്തിനുമായി ഈ സൗകര്യം ഉപയോഗപ്പെടുത്താം. ടൗണിൽ താമസിക്കുന്നവർക്ക് വനത്തിന്റെ സൗന്ദര്യവും ഗ്രാമവശ്യതയും നുകരുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.