ഷൊർണൂർ: ബി.ആർ.സിയിലെ പ്രസീത ടീച്ചർ വെറുമൊരു അധ്യാപികയല്ല. അധികമാരും സ്വീകരിക്കാത്ത സഞ്ചാരപഥത്തിലൂടെയുള്ള യാത്രയാണ് ടീച്ചറുടേത്. ഭിന്നശേഷിക്കാരും ഓട്ടിസം ബാധിച്ചവരുമായ കുട്ടികൾക്ക് ആശ്രയമാണ് ഈ അധ്യാപിക. ഒപ്പം ആശയും ആശ്രയവുമറ്റ നിരവധി വയോധികർക്ക് അത്താണിയുമാണിവർ.
കുളപ്പുള്ളി എ.യു.പി സ്കൂളിൽ അധ്യാപികയായിരുന്ന ജാനകി ടീച്ചറുടെ മകൾക്കും അധ്യാപികയാകാനായിരുന്നു മോഹം. അധ്യാപകവൃത്തിയാണെങ്കിലും അതിലെങ്ങനെ വേറിട്ട് സഞ്ചരിക്കാമെന്ന ചിന്ത യാദൃച്ഛികമായാണ് വന്നതെന്ന് ഇവർ വ്യക്തമാക്കുന്നു. അങ്ങനെ മെന്റൽ റിട്ടാർഡേഷൻ വിഷയത്തിൽ സ്പെഷൽ ബി.എഡ് എടുത്തു. കമ്യൂണിറ്റി ബേസ്ഡ് റീഹാബിലിറ്റേഷനിൽ ഡിപ്ലോമയും മാനേജ്മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റിയും കൈമുതലാക്കി.
സമഗ്ര ശിക്ഷ കേരളയുടെ ഇൻക്ലൂസിവ് എജുക്കേഷൻ പദ്ധതിയുടെ കീഴിൽ ഷൊർണൂർ ബി.ആർ.സിയിലും അധ്യാപികയാണ്. എം.എസ്.സി സൈക്കോളജി ബിരുദമുള്ള പ്രസീത ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ ആശ്വാസ കേന്ദ്രമാണ്. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഊർജമാണിവർ. വിദ്യാലയങ്ങളിൽ പോയി പഠിക്കാൻ കഴിയില്ലെന്നുറപ്പിച്ചവർ വരെ ഇവരുടെ പ്രേരണയാൽ സ്കൂളുകളിലെത്തി ഉന്നതപഠനങ്ങളിലേക്ക് നടന്നുകയറുന്നു.
വിദ്യാലയങ്ങൾക്കു പുറമെ വായനശാലകളും സാംസ്കാരിക കേന്ദ്രങ്ങളും മറ്റും സംഘടിപ്പിക്കുന്ന സദസ്സുകളിൽ ബോധവത്കരണ ക്ലാസുകളും എടുക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഈ മനുഷ്യസ്നേഹി നിരവധി നിരാലംബർക്ക് ആശ്രയമാണ്. കുളപ്പുള്ളി ‘അഭയം’ വൃദ്ധസദനത്തിന്റെ മുഖ്യ നടത്തിപ്പുകാരിയുമാണ്. വേറിട്ട ശൈലിയിലൂടെ മുന്നേറുന്ന പ്രസീത സംസ്ഥാന സർക്കാറിന്റെ അധ്യാപക അവാർഡ് കഴിഞ്ഞ വർഷം നേടിയിരുന്നു. നിരവധി പുരസ്കാരങ്ങളും ആദരവുകളും ഇതിനോടകം നേടിയിട്ടുണ്ട്. മികച്ച സംഘാടകയും ‘പ്രഭാതം’ ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗവുമാണ്. കണ്ണൂർ ജില്ല ഫയർ ഓഫിസറായി വിരമിച്ച ഹരിദാസാണ് ഭർത്താവ്. മക്കൾ: വിഷ്ണു, വിഷ്ണുപ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.