കൊടുവായൂർ: വേനലിൽ പക്ഷികളുടെയും മരങ്ങളുടെയും കൂട്ടുകാരനായി ഓട്ടോ ഡ്രൈവർ. കൊടുവായൂർ മന്ദത്തുകാവിൽ ഓട്ടോ ഓടിക്കുന്ന തേങ്കുറുശി സ്വദേശി ശ്യാംകുമാർ (54) ആണ് വേനലായാൽ പക്ഷികൾക്ക് കുടിവെള്ളം ഒരുക്കുന്നതിലും തണൽ വൃക്ഷങ്ങൾക്ക് വെള്ളം നനക്കുന്നതിലും വ്യാപൃതനാകുന്നത്. കഴിഞ്ഞ 15 വർഷമായി തന്റെ വീടിനു പുറകിൽ പത്തിലധികം മൺപാത്രങ്ങളിലാണ് പക്ഷികൾക്ക് ദാഹജലം ഒരുക്കി വരുന്നത്.
ആറ്റക്കറുപ്പൻ, വണ്ണാത്തിപുള്ള്, ഓലഞ്ഞാലി, കാവി, വേലിത്തത്ത, പച്ചിലക്കിളി, പ്രാവ്, മൈന, മഞ്ഞക്കിളി, ഫ്രാങ്കോ, കറുപ്പൻ, തേൻകിളി, തുന്നാരൻ, ബുൾബുൾ, മരംകൊത്തി, പുള്ളി പരുന്ത്, കുയിൽ, കരിയില കിളികൾ, കാക്ക, കൊറ്റി തുടങ്ങി നിരവധി കിളികളാണ് ശ്യാംകുമാറിൻറെ വേനലതിഥികൾ.
ഉരഗ വർഗ്ഗങ്ങളും ദാഹം ശമിപ്പക്കാൻ ശ്യാംകുമാറിന്റെ വീട് തേടിയെത്തുന്നു. വെള്ളത്തിനു പുറമേ പഴ വിൽപന കേന്ദ്രത്തിലും പച്ചക്കറി വിൽപന കേന്ദ്രത്തിലും ഉപേക്ഷിക്കുന്ന പഴം, മാങ്ങ, മുന്തിരി തുടങ്ങിയവ മുറിച്ച് പക്ഷികൾക്ക് ഒരുക്കിവെക്കും. വഴിയോരങ്ങളിൽ തണൽ വൃക്ഷങ്ങൾ നട്ട് പരിപാലിക്കുകയും ചെയ്തുവരുന്നുണ്ട്. ഒന്നര പതിറ്റാണ്ടിനിടെ പതിനായിരത്തോളം തണൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
പാലക്കാട് ടൗൺ മുതൽ തമിഴ്നാട് അതിർത്തി വരെ മഴക്കാലത്ത് ഓട്ടോറിക്ഷയിൽ വിത്തും തൈകളും ആയുധങ്ങളുമായി ഇറങ്ങുന്ന ശ്യാംകുമാർ വിത്തുകൾ വിതച്ചും തൈകൾ നട്ടുപിടിപ്പിച്ചും പുതിയ ജീവനുകളുടെ പിറവിയൊരുക്കുന്നു. വേനലിൽ പ്ലാസ്റ്റിക് കുപ്പി വഴിയോര വൃക്ഷങ്ങളിൽ ഘടിപ്പിച്ച് അതുവഴി ഓട്ടം പോകുമ്പോൾ കുപ്പികളിൽ വെള്ളം നിറക്കുകയും ചെയ്യാറുണ്ട്.
ഇതുകൂടാതെ കൂടുതൽ ആളുകളെ പക്ഷിമൃഗാദികൾക്ക് ദാഹജലം നൽകാൻ ബോധവത്കരിക്കുകയും ചെയ്യുന്നു ശ്യാംകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.