പാലക്കാട്: സ്വച്ഛമായി നിരത്തിലൂടെ ഒഴുകുന്ന വാഹനങ്ങൾ, നടപ്പാതകളിലൂടെ നീങ്ങുന്ന കാൽനടയാത്രികർ, പൂമരങ്ങൾ, ശുചിത്വമുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ.. നഗരപാതകളെന്ന് കേൾക്കുമ്പോൾ മനസിൽ തെളിയുന്ന ചിത്രം. അത്രക്കൊന്നും പുരോഗമിച്ചില്ലെങ്കിലും വേണ്ട, തടികേടാകാതെ, തട്ടാതെ, മുട്ടാതെ ലക്ഷ്യത്തിലെത്താൻ നല്ലൊരു നടപ്പാതയെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആരും ആശിച്ചുപോകും. അത്രയ്ക്കുണ്ട് പാലക്കാട് നഗരത്തിന്റെ കാൽനടയാത്രികരോടുള്ള സമീപനം. ഇടക്കിടെ പൊളിച്ചും നിവർത്തിയും വളച്ചും പാതയോരങ്ങളിൽ നടപ്പാതകൾ നിർമിക്കുമെങ്കിലും രണ്ടോ മൂന്നോ ആഴ്ചകൾ കഴിഞ്ഞാൽ അതും പഴയപടിയാവും. കോർട്ട് റോഡ്, ജില്ല ആശുപത്രി എന്നിവിടങ്ങളിലെ നടപ്പാതകളിലൂടെ നടക്കുന്ന യാത്രക്കാരുടെ ശ്രദ്ധയൊന്ന് തെറ്റിയാൽ മൂക്കും കുത്തി വീഴും. തുറന്നുകിടക്കുന്ന മഴവെള്ളച്ചാലുകൾ ഒരുക്കുന്ന ഭീഷണിയാണ് മറ്റൊന്ന്.
അടുത്തിടെ നവീകരിച്ച ജി.ബി റോഡിലെ നടപ്പാത ട്രാൻസ്ഫോർമറിനടിയിലൂടെയാണ് കടന്നുപോകുന്നത്. നടപ്പാതക്ക് നടുവിൽ വഴിമുടക്കിയായി പേടിപ്പിച്ച് നിൽക്കുന്ന ട്രാൻസ്ഫോർമറിനെ റോഡിലിറങ്ങി വലംവച്ചുവേണം യാത്ര തുടരാൻ. കോർട്ട് റോഡിലും സ്റ്റേഡിയം റോഡിലും ലോട്ടറി മുതൽ തുണിവരെ കടകൾക്ക് ബോർഡുകൾ വെക്കാനുള്ളതാണ് നടപ്പാതകൾ. നിരത്തിൽ തിരക്കുള്ള സമയങ്ങളിൽ ഇതുവഴി നടക്കണമെങ്കിൽ വാഹനയാത്രികരുമായി തർക്കിച്ചും ജീവൻ കൈയിൽ പിടിച്ചും വേണം. കോളജ് റോഡിൽ ഹെഡ് പോസ്റ്റ് ഓഫിസിന് സമീപം ബേക്കറി ചിപ്സ് നിർമിക്കുന്നത് നടപ്പാതയോട് ചേർന്ന് അടുപ്പ് സ്ഥാപിച്ചാണ്. വലിയ ഉരുളിയിൽ വെട്ടിത്തിളക്കുന്ന എണ്ണയുയർത്തുന്ന അപകടഭീതിയും കടന്നുവേണം പോകാൻ. നഗ്നമായ നിയമലംഘനം നടന്നിട്ടും ആരോടുപറയാൻ, ആരുചോദിക്കാൻ എന്ന മട്ടിൽ നഗരജീവിതമിങ്ങനെ നടന്നുതീർക്കുന്നവർ നിരവധി.
നഗരത്തിൽ വാഹനങ്ങളുമായി എത്തുന്നവർ പലരും സുരക്ഷിതമായ സൗകര്യം കണ്ടെത്തുന്നത് കാൽനടപ്പാതയിലാണ്. റോഡ് നിരപ്പിൽ നിർമിച്ചിടങ്ങളിലെല്ലാം ഇത്തരം പാർക്കിങ് കാണാം. തിരക്കുള്ള റോബിൻസൺ റോഡിലെ കാൽനടപ്പാത പലയിടത്തും ദുരന്തം ഒളിപ്പിച്ച് തുറന്നുകിടക്കുകയാണ്. ശ്രദ്ധയൊന്ന് തെറ്റിയാൽ കുഴിയിൽ വീണ് അപകടം ഉറപ്പ്. എസ്.ബി.ഐക്ക് മുൻവശത്താകട്ടെ പുതിയ സ്ലാബുകൾ എത്തിച്ചെങ്കിലും തോന്നിയ പോലെ അവിടെയും ഇവിടെയുമൊക്കെ ഇട്ട നിലയിലാണ്. ഇതെല്ലാം താണ്ടി നടക്കണമെന്നിരിക്കട്ടെ വാഹനങ്ങളുടെ ഇടയിലൂടെ നൂഴ്ന്ന് കടക്കണം.
വിക്ടോറിയ കോളജിലേക്ക് നടക്കുകയാണെങ്കിലും സമാനസ്ഥിതിയാണ്. ലക്ഷങ്ങൾ മുടക്കിയ നടപ്പാതകളിൽ സമീപമുള്ള കടകളിലേക്ക് വന്നവരുടെ വാഹനങ്ങൾ നിരയായി നിർത്തിയിട്ടിരിക്കുന്നത് കാണാം. ചിലയിടങ്ങളിൽ കോൺക്രീറ്റ് മാലിന്യം മുതൽ പാഴ്വസ്തുക്കൾ കൂട്ടിയിട്ടും വഴിമുടക്കൽ പതിവ്. ലക്ഷങ്ങൾ വാരിയെറിഞ്ഞ് മോടിപിടിപ്പിക്കുന്നുവെന്ന് പറഞ്ഞ നഗരത്തിലെ നടപ്പാതകൾ ഇങ്ങനെയൊക്കെയാണ്. നഗരവികസനങ്ങളിൽ നടപ്പാത വികസനം പ്രായോഗികമായ രീതിയിൽ ആവിഷ്കരിക്കാത്തിടത്തോളം നരകമാവുന്ന പാതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.