പാലക്കാട്: മരണത്തിലേക്ക് തള്ളിവിടുമായിരുന്ന രോഗത്തെ ആത്മവിശ്വാസം കൊണ്ട് നേരിട്ട് ഫീനിക്സ് പക്ഷിയെ പോലെ ജീവിതത്തിലേക്ക് തിരിച്ചുവന്ന കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനാണ് കെ.എ. അജേഷ് (41). എന്നാൽ ആ രോഗം നൽകിയാതാവട്ടെ ഭിന്നശേഷിത്വവും. കോട്ടായി ഗവ. ഹൈസ്കൂളിലെ യു.പി വിഭാഗം സയൻസ് അധ്യാപകനായ അജേഷിനെ 17ാം വയസ്സിലാണ് ബ്രെയിൻ ട്യൂമർ ബാധിച്ചത്. ശക്തമായ തലവേദനയായിരുന്നു ലക്ഷണം. ആദ്യമൊന്നും കാര്യമായി കരുതിയില്ല. പിന്നീട് ശരീരത്തിന്റെ ഒരുവശം തളർന്നതോടെ ചികിത്സ തുടങ്ങി. അപ്പോഴേക്കും രോഗം രണ്ടാംഘട്ടത്തിലെത്തി. മരണത്തിനും ജീവിതത്തിനും ഇടയിൽ 10 വർഷങ്ങൾ. തിരുവനന്തപുരം ശ്രീചിത്രയിലായിരുന്നു ചികിത്സ. എട്ട് ശസ്ത്രക്രിയകളും ഒരു റേഡിയേഷനും നടത്തി. ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ശരീരത്തിൽ 45 ശതമാനം ഭിന്നശേഷിത്വം ഉണ്ടായി.
ഇപ്പോഴും ചികിത്സ തുടരുന്ന അജേഷിന് ഒരു ചെവിക്ക് കേൾവിശക്തിയില്ല. ഒരുകണ്ണിന് കാഴ്ചയും കുറവാണ്. ഭക്ഷണം കഴിക്കാനും പ്രയാസം നേരിടുന്നു. ആശുപത്രി കിടക്കയിൽ കഴിയുമ്പോൾ അച്ഛൻ കൊണ്ടുതന്നിരുന്ന പുസ്തകങ്ങളായിരുന്നു ആശ്വാസമായിരുന്നത്. ചികിത്സക്കിടയിലാണ് പഠനം പൂർത്തിയാക്കിയത്. വായന സർക്കാർ സർവിസിലേക്ക് എളുപ്പം എത്താൻ വഴിയൊരുക്കി. 2009ൽ തിരുവനന്തപുരം പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ഓഫിസ് അസിസ്റ്റന്റ് ആയാണ് സർവിസിൽ കയറിയത്. 2020ൽ കോട്ടായി സ്കൂളിൽ അധ്യാപകനായി ജോലി മാറ്റം. ചികിത്സയുടെ ഫലമായി മുഖം കോടിയതിനാൽ കുട്ടികൾക്ക് തന്നെ കാണുമ്പോൾ ചെറിയൊരു വിമ്മിഷ്ടം ഉണ്ടായിരുന്നതായി അജേഷ് പറയുന്നു. ആദ്യമൊക്കെ അത് വിഷമമുണ്ടാക്കിയെങ്കിലും ഇപ്പോൾ അതിനെ പോസിറ്റിവ് ആയാണ് കാണുന്നത്. കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാറുണ്ടെന്നും അജേഷ് പറയുന്നു. അവർക്കും പ്രിയപ്പെട്ട അധ്യാപകനാണിപ്പോൾ. ഉറക്കെ സംസാരിക്കുമ്പോൾ ശബ്ദം പതറിപ്പോകുന്നതിനാൽ വോയിസ് ആംപ്ലിഫയർ ഉപയോഗിച്ചാണ് ക്ലാസെടുക്കാറുള്ളത്.
2011ൽ ഭിന്നശേഷി വിഭാഗത്തിൽ മികച്ച സർക്കാർ ഉദ്യോഗസ്ഥനുള്ള അവാർഡ് ലഭിച്ചു. കേരള ഗാന്ധി സ്മാരക നിധിയുടെ ടി.എം.കെ ഗാന്ധി പീസ് പുരസ്കാരം, ചിൽഡ്രൻസ് യുനൈറ്റഡ് ഫൗണ്ടേഷന്റെ കർമശ്രേഷ്ഠ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും തേടിയെത്തി. അച്ഛന്റെ ഓർമക്കായി സ്ഥാപിച്ച അപ്പുണ്ണി ഏട്ടൻ സ്മാരക വായനശാലയുടെ സെക്രട്ടറി കൂടിയാണ് അജേഷ്. അമ്മ: പത്മാവതി. ഭാര്യ: ചിത്ര. അലോഷ്യ, ആയുഷ് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.