കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ അപകട മരണങ്ങൾക്ക് അറുതിയില്ല. അപകടസംഭവങ്ങൾ ആവർത്തിക്കുന്നത് വാഹനയാത്രികരെയും കാൽനടക്കാരെയും ഒരുപോലെ പേടിപ്പെടുത്തുകയാണ്.കല്ലടിക്കോട് ടി.ബി സെന്‍ററിൽ നിയന്ത്രണംവിട്ട ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ അതിദാരുണമായി മരിച്ചതാണ് ഏറ്റവും അവസാനത്തെ സംഭവം.
മഴ പെയ്താൽ നവീകരിച്ച ദേശീയപാതയിൽ നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങൾ സംഭവിക്കുന്ന വാഹനങ്ങളുടെയും പരിക്കേറ്റ് കിടപ്പിലാവുന്നവരുടെയും എണ്ണം ദിനംപ്രതി വർധിക്കുകയാണ്.ബുധനാഴ്ച രാവിലെ പനയമ്പാടത്ത് കാറും പിക്അപ് വാനും അപകടത്തിൽപെട്ടു. റോഡിന്‍റെ മിനുസവും അശാസ്ത്രീയ നിർമാണവും അപകടങ്ങൾക്ക് ഹേതുവാകുന്നതായി ആക്ഷേപമുണ്ട്.
കല്ലടിക്കോട്, പനയമ്പാടം, കരിമ്പ, എടക്കുർശ്ശി, പൊന്നംകോട്, തച്ചമ്പാറ, മുള്ളത്ത് പാറ എന്നിവിടങ്ങളിൽ അപകടങ്ങൾ പതിവാണ്. വേലിക്കാട് വഴിയാത്രക്കാരിയായ അധ്യാപികയെ ബസിടിച്ചതും പൊന്നംകോട് പാതവക്കിലെ തട്ടുകടയിലേക്ക് പിക്അപ് വാൻ പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്കേറ്റതും മാസങ്ങൾക്ക് മുമ്പാണ്.
പനയമ്പാടത്ത് വാഹനാപകടങ്ങൾ കൂടിയതോടെ കലക്ടറുടെ നിർദേശപ്രകാരം ദേശീയപാത വകുപ്പുതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നിരുന്നു. തുടർന്ന് പനയമ്പാടത്ത് നാറ്റ്പാക് ഉദ്യോഗസ്ഥസംഘം സന്ദർശനം നടത്തി. റോഡ് സുരക്ഷക്ക് വിശദ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുമെന്നും അറിയിച്ചിരുന്നു. തുടർപ്രവർത്തന ഭാഗമായി ദേശീയപാത പനയമ്പാടം പ്രദേശത്ത് ഗ്രിപ്പിടുന്ന പ്രവൃത്തി ബുധനാഴ്ച പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.