പട്ടാമ്പി: ദുർവിധിയുടെ പിടിയിലമർന്ന് ആസ്യ. ഭർത്താവിനെ നഷ്ടപ്പെട്ട് മാസങ്ങൾ പിന്നിടുമ്പോൾ അന്തിയുറങ്ങാനുള്ള വീടും തകർന്നതിന്റെ ആഘാതത്തിലാണ് ഈ വീട്ടമ്മ. ഈ മാസം നാലിനുണ്ടായ മഴയിൽ ആസ്യയുടെ വീട് ഭാഗികമായി തകർന്നിരുന്നു. ഈ സമയം വെള്ളിയാഴ്ച കാലത്ത് തകർച്ച പൂർണമായി. പേരക്കുട്ടിയുമായി ആശുപത്രിയിലായിരുന്നതിനാൽ ആസ്യക്ക് അപകടം ഉണ്ടായില്ല. ഓങ്ങല്ലൂർ കൊണ്ടൂർക്കര കുണ്ടിൽ പീടിയക്കൽ പരേതനായ കുഞ്ഞാന്റെ ഭാര്യയാണ് ആസ്യ. കുഞ്ഞാൻ കോവിഡ് ബാധിച്ച് മരിച്ചു മാസങ്ങളേ ആയുള്ളൂ. ഭർത്താവിന്റെ മരണ ശേഷം നാട്ടുകാരുടെ സഹായത്തിലാണ് ആസ്യയുടെ ജീവിതം. വിവാഹം കഴിഞ്ഞ നാലു പെണ്മക്കളാണ് ഉള്ളത്. വില്ലേജ് അധികാരികൾ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തിയിട്ടുണ്ട്. നിരാലംബയായ വീട്ടമ്മക്ക് സുരക്ഷിതമായി താമസിക്കാൻ വീടൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പഴയലക്കിടി: ശക്തമായ കാറ്റിലും മഴയിലും അകലൂരിൽ വീട് തകർന്നു. അകലൂർ പുലാക്കാട്ട് കുന്ന് അപ്പാടത്ത് പത്മിനിയമ്മയുടെ വീടാണ് ഭാഗിഗമായി തകർന്നത്. 15,000 രൂപ നഷ്ടംകണക്കാക്കുന്നു. പഞ്ചായത്തംഗങ്ങളായ ടി. മണികണ്ഠൻ, പി. വിജയകുമാർ എന്നിവർ വീട് സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു.
ആലത്തൂർ: മഴയിൽ താലൂക്കിൽ അഞ്ച് വീടുകൾക്ക് നാശം സംഭവിച്ചു. കുത്തന്നൂർ വലിയപറമ്പിൽ അമ്മിണി, ചിമ്പുകാട് നെടുങ്ങോട് വെള്ള, മംഗലംഡാം സ്രാമ്പികൊളുമ്പിൽ സലിം, പഴമ്പാലക്കോട്, കാഞ്ഞിരം കാട് തോട്ടും പള്ളയിൽ ദാമോദരൻ, വണ്ടാഴി പുല്ലംമ്പാടം ചേറും കോട്ടിൽ കുഞ്ച എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.