representational image

കാട്ടാനശല്യം: ഭീതി മാറിയില്ല, അനുമതി ലഭിച്ചാൽ തൂക്ക് വേലി

മുണ്ടൂർ: പകൽ ചൂട് കൂടിയതോടെ തീറ്റയും വെള്ളവും തേടി കാടിറങ്ങുന്ന കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം വർധിച്ചതുകാരണം ഭീതിമാറാതെ ജനവാസ മേഖല. മുണ്ടൂർ, അകത്തേത്തറ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളിലാണ് രാത്രി ഇരുട്ടിയാലും പുലർച്ചയും കാട്ടാന തനിച്ചും കൂട്ടത്തോടെയും ജനവാസ മേഖലയിലെത്തുന്നത്.

ഒരു മാസത്തിനുള്ളിൽ മേഖലയിൽ മാത്രം ഏകദേശം ഒരു കോടി രൂപയുടെ നാശനഷ്ടമാണ് കാട്ടാന വരുത്തിയത്. നെൽപാടങ്ങളിലും തോട്ടങ്ങളിലും വിള നശിപ്പിക്കാനെത്തി. വീടുകളുടെയും സ്ഥാപനങ്ങളുടെയും മതിലും സൗരോർജ്ജ വേലിയും തകർത്താണ് കാട്ടാനകൾ വിലസിയത്. കുളങ്ങളും താഴ്ന്ന നിലങ്ങളിൽ ജലലഭ്യതയുള്ള ആഴം കുറഞ്ഞ കിണറുള്ള പ്രദേശങ്ങളിലും കാട്ടാനകൾ ദാഹജലം തേടിയെത്തുന്നു.

ധോണി എന്ന പി.ടി ഏഴാമനെ മെരുക്കിയെടുക്കാനുള്ള ക്രമീകരണം വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഒരുക്കിയെങ്കിലും കാട്ടാനകൾ തുടരെ നാട്ടിൻ പുറങ്ങളിൽ വിലസുന്ന പ്രവണത തുടരുകയാണ്. ധോണി, മായാപുരം, പെരുന്തുരുത്തികളം എന്നിവിടങ്ങളിൽ ഏഴിലധികം സ്ഥലങ്ങളിൽ വീടുകളുടെ ചുറ്റുമതിൽ തകർത്തു. വരകുളം ഭാഗത്ത് കാട്ടിൽ തമ്പടിച്ച് കുളത്തിലെ വെള്ളം കുടിച്ചും നീരാടിയുമാണ് മൂന്ന് കാട്ടാനകൾ നിത്യവും രാത്രിയും പകലും ജനവാസ മേഖലയിൽ കറങ്ങുന്നത്. കഴിഞ്ഞ ദിവസം ധോണി സ്വദേശിയുടെ കറവ പശു കാട്ടാനയുടെ കുത്തേറ്റ് ചത്തതോടെ ഈ പ്രദേശവാസികളുടെ ആശങ്ക ഇരട്ടിയായി.

അതേസമയം, ധോണി മുതല്‍ മലമ്പുഴ വരെ വന്യമൃഗശല്യം നേരിടുന്ന 12 കിലോമീറ്റര്‍ ദൂരപരിധിയിൽ തൂക്കുവേലി സ്ഥാപിക്കുന്നതിന് നബാര്‍ഡ് തുക അനുവദിച്ചു. സർക്കാർ അനുമതി ലഭിച്ചാൽ തൂക്കുവേലി നിര്‍മാണം ആരംഭിക്കുമെന്ന് ഡി.എഫ്‌.ഒ ചുമതലയുള്ള എ.സി.എഫ് ബി. രഞ്ജിത്ത് പറഞ്ഞു.

പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് വന്യമൃഗശല്യം ലഘൂകരിക്കുന്നതിന് 6.86 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പാലക്കാട് ഡിവിഷനിലെ തൂക്കുവേലി സ്ഥാപിക്കുന്ന പ്രദേശത്ത് സർവേ നടത്തി എസ്റ്റിമേറ്റ് തയാറാക്കുന്ന പ്രവർത്തനം തുടങ്ങി. ലോഹ തൂണുകൾ വനാതിർത്തി പ്രദേശങ്ങളിൽ സ്ഥാപിച്ച് പ്രസരണ ചാലകമായ നേർത്ത ലൈനുകൾ തൂക്കിയിടുന്ന രീതിയാണ് ഹാങിങ് ഫെൻസ് അഥവാ തൂക്കുവേലി.

കരിമ്പയിൽ വില്ലന്മാരായി കാട്ടുപന്നിയും വാനരനും

 കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിൽ കാട്ടാനകൾ വിലസുന്നതിനിടയിലാണ് കാട്ടുപന്നികളും കുരങ്ങും മയിലും കാടിറങ്ങി നാട്ടുകാർക്ക് തലവേദന സൃഷ്ടിക്കുന്നത്. കൊമ്പോട, പാലളം, മരുതം കാട്, തമ്പുരാൻ ചോല, പുതുക്കാട് എന്നിവിടങ്ങളിലെല്ലാം പന്നികൾ കൃഷി നശിപ്പിക്കാനെത്തുന്നു.

ഒരാഴ്ചയായി കരിമ്പ, മുട്ടിക്കൽ കണ്ടം, കല്ലടിക്കോട്, ചുങ്കം, വാക്കോട് എന്നിവിടങ്ങളിൽ സിംഹവാലൻ കുരങ്ങുൾപ്പെടെ വാനരന്മാർ ചക്കയും മാങ്ങയും പേരക്കയും തിന്നാൻ നാട്ടിൻപുറങ്ങളിൽ പതിവായി എത്തുന്നു. ഓടിട്ട വീടുകളിൽ ചാടി മറിയുന്നതും ഉണക്കാനിട്ട തുണികൾ കടിച്ചിടുന്നതും കാരണം ജനം ദുരിതം അനുഭവിക്കുകയാണ്.

ഇതിന് പുറമെയാണ് തെങ്ങിൽ കയറി മച്ചിങ്ങ പിഴുതിടുന്നത്. കാട്ടുപന്നി ശല്യം നേരിടുന്ന കർഷകർ കരിമ്പ പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കും.

Tags:    
News Summary - The threat has not changed, if permission is granted, picket fence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.