പാലക്കാട്: ഞാറ്റുവേലകളിലെ രാജാവായ തിരുവാതിര പിറന്നിട്ടും ജില്ലയിലെ കർഷകർക്ക് ആശങ്കയുടെ കാർമേഘങ്ങൾ. തിരുവാതിര ഞാറ്റവേലയിൽ തിരിമുറിയാതെ മഴ പെയ്യും എന്നാണു ചൊല്ല്. തിരുവാതിരയിൽ നൂറ്റൊന്നു മഴ, നൂറ്റൊന്നു വെയിൽ എന്നുമുണ്ട് ചൊല്ല്. ഫലവൃക്ഷത്തൈകളും ചെടികളും നടാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്നാണ് കര്‍ഷകര്‍ ഇതേ കുറിച്ച് പറയുന്നത്.
കൊമ്പൊടിച്ചു കുത്തിയാലും കിളിര്‍ക്കും എന്നാണ് തിരുവാതിര ഞാറ്റുവേലയെ കുറിച്ചുള്ള പഴമൊഴി. അശ്വതി മുതൽ രേവതി വരെയുള്ള ഓരോ ഞാറ്റുവേലയിലും ഏതെല്ലാം കൃഷിപ്പണികൾ ചെയ്യണം എന്നറിയാൻ പഴമക്കാർ കാർഷിക കലണ്ടർ ഉണ്ടാക്കിയിരുന്നു.
മേടം മുതൽ മീനം വരെ 12 മാസങ്ങളിലായി 27 ഞാറ്റുവേലകൾ ഉണ്ട്. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്. ഓരോ ഞാറ്റുവേലയും 13-14 ദിവസമാണ്. എന്നാൽ തിരുവാതിര ഞാറ്റുവേല മാത്രം 15 ദിവസം വരെ നീണ്ടു നിൽക്കും.
സൂര്യൻ ഏതു നക്ഷത്രകൂട്ടത്തിനൊപ്പമാണു കാണപ്പെടുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാറ്റുവേലകൾക്ക് പേരിട്ടിരിക്കുന്നത്. ആദ്യത്തെ ഞാറ്റുവേല അശ്വതിയും അവസാനത്തെത് രേവതിയും ആണ്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ തിരുവാതിര ഞാറ്റുവേലയുടെ ആരംഭത്തിന് മുമ്പായി മഴ ലഭിച്ചത് കർഷകരെ സംബന്ധിച്ച് നല്ല പ്രതീക്ഷയാണ് നൽകുന്നതെങ്കിലും പിന്നീട് പെയ്യാൻ മടിക്കുന്ന മഴമേഘങ്ങൾ ആശങ്ക ഉയർത്തുന്നുണ്ട്. മറ്റ് ജില്ലകളിൽ മഴ സജീവമാകുമ്പോഴും കാർഷികജില്ലയിൽ മഴ സജീവമല്ലാത്തത് കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്.
പ്രാദേശികമായി ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിൽ പരക്കെ മഴ ലഭിക്കുന്നില്ല. കാലാവസ്ഥ മാറ്റം ഏറ്റവും അധികം ബാധിച്ചത് നെൽകൃഷിയെയാണ്. മാറിമറയുന്ന കാലാവസ്ഥയിൽ വർഷത്തിൽ രണ്ടു വിളവെടുപ്പ് നടത്താൻ കർഷകർ പെടാപാടുപെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.