വടക്കഞ്ചേരി: മണ്ണുത്തി -വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപാലം അഞ്ച് സ്ഥലങ്ങളിൽ വീണ്ടും കുത്തിപ്പൊളിച്ചു. തൃശൂരിൽനിന്ന് പാലക്കാട്ടേക്ക് പോകുന്ന മൂന്നുവരി പാലം പൂർണമായി അടച്ച് പാലത്തിന്റെ ഉരുക്കുപാളി ഘടിപ്പിച്ച ഭാഗം പൊളിച്ചുനീക്കിയാണ് നിർമാണം നടത്തുന്നത്.
പാലത്തിന്റെ രണ്ട് ബീമുകൾ തമ്മിൽ ചേരുന്ന ഭാഗത്ത് വാഹനങ്ങൾ പോകുമ്പോൾ വലിയ കുലുക്കം അനുഭവപ്പെട്ടതോടെയാണ് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ഗതാഗതം നിരോധിച്ച് കഴിഞ്ഞ ദിവസം ബലപ്പെടുത്തൽ തുടങ്ങിയത്. ചിലയിടങ്ങളിൽ റോഡിന് വിള്ളലും വീണിട്ടുണ്ട്. 420 മീറ്റർ നീളമുള്ള പാലത്തിൽ ഇരുഭാഗത്തുമായി 55 സ്ഥലങ്ങളിൽ നിർമാണ പാളിച്ചമൂലം ടാറിങ് കുത്തിപ്പൊളിച്ച് വീണ്ടും ബലപ്പെടുത്തി ടാറിങ് നടത്തിയിരുന്നു.
പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിദഗ്ധ സമിതി അന്വേഷണം നടത്തിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. തുരങ്കപാതകളിലൊന്ന് അടച്ചത് മൂലമുള്ള കുരുക്കുകൾക്കു പുറമേ വടക്കഞ്ചേരി മേൽപാലവും അടച്ചതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി. കോൺക്രീറ്റിങ്ങിനായി ഇടതു തുരങ്കവും അറ്റകുറ്റപ്പണികൾക്കായി വടക്കഞ്ചേരി മേൽപാലവും അടച്ചതിനാൽ വടക്കഞ്ചേരി -മണ്ണുത്തി ആറുവരിപ്പാതയിലെ ടോൾനിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ഹൈകോടതി ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നാണ് ഹരജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
വാണിയംപാറ സ്വദേശി ജോർജ് ഫിലിപ്പാണ് ഹരജി നൽകിയത്. ആറുവരിപ്പാതയിലെ ടോൾ തുകയിൽ 64.6 ശതമാനവും ഈടാക്കുന്നത് തുരങ്കത്തിലൂടെയുള്ള യാത്രക്കാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ദേശീയപാത അതോറിറ്റിയിൽനിന്ന് മറുപടി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.