നെന്മാറ: മൂന്നു പതിറ്റാണ്ടിലധികമായി നെന്മാറയ്ക്കടുത്ത് കൂടല്ലൂർ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ കലാ-സാംസ്കാരിക ഗ്രന്ഥശാല ഇതിനിടക്ക് നൂറുകണക്കിന് കലാ-സാംസ്കാരിക-ജീവ കാരുണ്യപ്രവർത്തനങ്ങളാണ് നടത്തിയത്. ആദ്യം ചെറു ഗ്രാമീണ വായനശാലയായി പ്രവർത്തനം തുടങ്ങിയ ‘പ്രതീക്ഷ’ക്ക് 2014 ൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് വർഷംതോറും ഗ്രന്ഥങ്ങൾ സ്വരൂപിച്ച് ഇപ്പോൾ നാലു ഭാഷകളിലായി നാലായിരത്തിലധികം പുസ്തകങ്ങളാണ് ഗ്രന്ഥശാലക്ക് സ്വന്തമായുള്ളത്. ഇവിടെ 150 അംഗങ്ങളും 75 ബാലവേദി അംഗങ്ങളും നിലവിലുണ്ട്.
വായനയെ പരിപോഷിപ്പിക്കാനായി ഓരോ വർഷവും വായനാവാരത്തിനോടനുബന്ധിച്ച് സാഹിത്യ കാമ്പുകൾ, കഥാ - കവിത മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. ഇതിൽ പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുക്കാറുണ്ട്. കൂടാതെ മേഖലയിലെ നാട്ടുകാരെ പങ്കെടുപ്പിച്ച് വൈദ്യപരിശോധനാ ക്യാമ്പ്, നേത്ര പരിശോധന ക്യാമ്പ് എന്നിവക്കും ഗ്രന്ഥശാല നേതൃത്വം നൽകുന്നു. നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായി ധനസഹായം, നിരാലംബരായ രോഗികൾക്കാവശ്യമായ ചികിത്സ സഹായം എന്നിവ ജീവകാരുണ്യ പ്രവർത്തനങ്ങളിലുൾപ്പെടുന്നു. 11 അംഗ ഭരണ സമിതിയുടെ മേൽനോട്ടത്തിലാണ് ഗ്രന്ഥശാല പ്രവർത്തനം.
ജില്ല ലൈബ്രറി കൗൺസിലിൽ ഏറെക്കാലം അംഗമായ കെ.എസ്. ലക്ഷ്മണൻ ഉപദേശക സമിതിയംഗമായും ആർ. ജനാർദനൻ അധ്യക്ഷനുമായ ഭരണ സമിതിയാണ് ഇപ്പോഴുള്ളത്. സ്വന്തം കെട്ടിടത്തിലാണ് ഗ്രന്ഥശാല പ്രവർത്തിക്കുന്നത്. യുവാക്കൾക്ക് തൊഴിൽ മാർഗ നിർദേശ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.
പൊതുജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് മരണാനന്തര ആവശ്യത്തിനുള്ള മൊബൈൽ ഫ്രീസറും ഗ്രന്ഥശാലയിലുണ്ട്. കോവിഡ് കാലത്ത് പുസ്തകങ്ങൾ അംഗങ്ങളുടെ വീട്ടിലെത്തിച്ചിരുന്നതും പ്രതീക്ഷയുടെ പ്രത്യേകതയാണ്. നാടിന്റെ പുരോഗതി ലക്ഷ്യമായുള്ള ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ ഇതിനകം നിരവധി പുരസ്കാരങ്ങൾക്കർഹമാക്കിയിട്ടുണ്ട്.തദ്ദേശസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഫണ്ടുകളും ഗ്രന്ഥശാല ഗ്രാന്റുമാണ് പുസ്തകങ്ങൾ വാങ്ങാനു പയോഗിക്കുന്നത്. സർക്കാർ ജോലിയിൽ നിന്ന് വിരമിക്കുന്ന അംഗങ്ങൾ ലഭിക്കുന്ന തുകയിൽ നിന്ന് ഒരു വിഹിതവും ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.