പാലിയേറ്റിവ് ദിനാചരണം കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
പട്ടാമ്പി: ജീവിതം മങ്ങിപ്പോയവർക്ക് മുന്നിൽ പ്രതീക്ഷയുടെ ചിറകൊരുക്കുകയാണ് കൊപ്പം പഞ്ചായത്തിലെ വിയറ്റ്നാംപടിയിൽ പ്രവർത്തിക്കുന്ന ദയ പാലിയേറ്റിവ് കെയർ. 2016 ജനുവരിയിൽ ആരംഭിച്ച ഈ സെന്റർ നൂറുകണക്കിന് രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസമാണ്.
2016 ഒക്ടോബറിൽ ജില്ലയിലെ പാലിയേറ്റിവ് കൂട്ടായ്മയായ കൺസോർട്യം ഓഫ് പാലിയേറ്റിവ് ഇനിഷ്യേറ്റീവ് ഇൻ പാലക്കാട്ടിൽ രജിസ്റ്റർ ചെയ്യുകയും ഹോം കെയർ രംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു.
ആഴ്ചയിൽ അഞ്ചുദിവസമാണ് വീടുകളിൽ പോയി രോഗികളെ പരിചരിക്കുന്ന ഹോം കെയർ പ്രവർത്തനം നടത്തുന്നത്. കൊപ്പം, തിരുവേഗപ്പുറ, വിളയൂർ, മുതുതല പഞ്ചായത്തുകളിലെ 200ലധികം രോഗികളെയാണ് സ്ഥാപനം നേരിട്ട് പരിചരിക്കുന്നത്.
മുഹമ്മദ് മുഹ്സിൻ എം.എൽ.എയാണ് മാനസികാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. എല്ലാ വെള്ളിയാഴ്ചയും സൈക്യാട്രി ഒ.പി പ്രവർത്തിക്കുന്നു. നിർധന രോഗികൾക്ക് മരുന്നും ചികിത്സയും സൗജന്യമായി നൽകുന്നു. കോഴിക്കോട് ആസ്ഥാനമായ മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് സൈക്യാട്രി ഒ.പി പ്രവർത്തിക്കുന്നത്.
യൂറിൻ ട്യൂബ് മാറ്റിയിടൽ, മുറിവ് ഡ്രസ്സിങ്, ഒറ്റപ്പെട്ടവരെ കുളിപ്പിക്കൽ, മാസാദ്യ ഭക്ഷണ കിറ്റ് വിതരണം, മരുന്ന് വിതരണം തുടങ്ങിയ സേവനങ്ങൾ സെന്ററിൽനിന്ന് ലഭ്യമാണ്. ഓണം റമദാൻ കിറ്റ് വിതരണം, പഠന കിറ്റ് വിതരണം, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം തുടങ്ങിയവയും സെന്റർ ഏറ്റെടുത്തു നടത്തുന്നു.
നട്ടെല്ലിന് ക്ഷതം പറ്റി വീൽചെയറിലായ പാരാപ്ലീജിയ സഹോദരങ്ങൾക്കുള്ള ഡേ കെയർ സംവിധാനത്തിനും കെട്ടിടം ഒരുങ്ങി. അതിന്റെ ഉദ്ഘാടനവും ഈ മാസം അവസാനം നടക്കും.
ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ നടത്തുന്ന ഈ സെന്റർ നാട്ടുകാരുടെയും പ്രവാസികളുടെയും സഹായത്താലാണ് മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.