വടക്കഞ്ചേരി: ട്രാഫിക്ക് കാര്യങ്ങളിൽ പഞ്ചായത്തിന്റെ താൽപര്യക്കുറവ് അഞ്ചു പഞ്ചായത്തിലെ ആളുകൾ ആശ്രയിക്കുന്ന പട്ടണത്തിൽ യാത്രക്കാർ ദുരിതത്തിൽ. വടക്കഞ്ചേരി ടൗണിലെയും അങ്ങാടിയിലെയും വാഹന തിരക്ക് കുറക്കാൻ ടൗണിനോട് ചേർന്നുള്ള ബദൽ റൂട്ടുകൾ വികസിപ്പിച്ചാൽ കിഴക്കഞ്ചേരി ഭാഗത്തേക്ക് ഉള്ള പാതയിലെ ഗതാഗതക്കുരുക്കുകൾ കുറക്കാൻ കഴിയും. ഇതിനായി പഞ്ചായത്ത് തലത്തിൽ വികസന സമിതിയിലും ആസൂത്രണ സമിതികളിലും ഏറെ ചർച്ചചെയ്ത റോഡുകളുടെ വികസനവും നവീകരണവും വർഷങ്ങൾ കഴിഞ്ഞിട്ടും വടക്കഞ്ചേരി പഞ്ചായത്തും പൊതുമരാമത്തും നടപ്പാക്കിയിട്ടില്ല. സ്കൂൾ സമയങ്ങളിലും മറ്റും ഇതുമൂലമുള്ള വാഹനപ്പെരുക്കം പലപ്പോഴും ദീർഘസമയം ഗതാഗതക്കുരുക്കിന് വഴിവെക്കുന്നു.
വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലെ ഓട്ടോ സ്റ്റാൻഡ് ഒരേസമയം രണ്ടോ മൂന്നോ വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി ആ വാഹനങ്ങൾ പോകുന്ന മുറക്ക് പാർക്കിങ് കേന്ദ്രത്തിൽനിന്ന് ഊഴം അനുസരിച്ച് വാഹനങ്ങൾ കൊണ്ടുവന്ന് സ്റ്റാൻഡിൽ നിർത്തുന്ന രീതി നടപ്പാക്കിയാൽ ടൗണിലെ ഗതാഗതക്കുരുക്കിന് പരിധിവരെ പരിഹാരമാവും. റോഡ് സൗകര്യം ഒരുക്കിയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയും.
വടക്കഞ്ചേരി മന്ദം-നായർത്തറ പാത ബംഗ്ലാവ് കുന്നുവരെ വീതി കൂട്ടി സമാന്തരപാതയാക്കണം. ഈ പാതയിലെ അഴുക്കുചാലുകൾ സ്ലാബ് ഇട്ട് മൂടി വീതി കൂട്ടി സൗകര്യം ഏർപ്പെടുത്തിയാൽ ചെറുപുഷ്പം ജങ്ഷൻ മുതൽ ടൗൺ ജങ്ഷൻ വരെ ബസുകൾ ഒഴികെയുള്ള ചെറു വാഹനങ്ങളുടെ ഗതാഗതം ഒരു പരിധിവരെ ടൗൺ റോഡിൽനിന്ന് കുറക്കാൻ കഴിയും.
ബംഗ്ലാവ്കുന്നു മുതൽ നായർതറ-ശോഭാ തിയറ്റർ പാത നാലു ചക്രവാഹന ഗതാഗത യോഗ്യമാക്കിയാൽ ദേശീയപാതയിൽനിന്ന് ബസുകൾ ഒഴികെ വാഹനങ്ങൾക്കും സ്കൂൾ വാഹനങ്ങൾക്കും കിഴക്കഞ്ചേരി റോഡിലേക്ക് ടൗണിലെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെട്ട് പ്രവേശിക്കാനാകും. കൂടാതെ, മംഗലം കണ്ണമ്പ്ര ഭാഗത്തുനിന്ന് കിഴക്കഞ്ചേരി റോഡിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എളുപ്പവഴിയുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.