വടക്കഞ്ചേരി: പാലക്കാട്ടെ മാത്രമല്ല, സംസ്ഥാനത്തെ തന്നെ പ്രധാന മലഞ്ചരക്ക് വിപണന കേന്ദ്രമാണ് വടക്കഞ്ചേരി. റബർ, കൊക്കോ, ജാതിക്ക, അടയ്ക്ക, കുരുമുളക്, ചുക്ക്, കപ്പ, മഞ്ഞൾ, ചേന, ഇഞ്ചി, കശുവണ്ടി തുടങ്ങിയ വിളകളുടെ വിപണിയായി വടക്കഞ്ചേരി മേഖല മാറിയത് കുറഞ്ഞ വർഷങ്ങൾ കൊണ്ടാണ്. ചെറുതും വലുതുമായി പതിനഞ്ചോളം മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളുണ്ട് ടൗണിൽ. കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് മലഞ്ചരക്ക് കയറ്റി അയക്കുന്നവരേറെ. വടക്കഞ്ചേരി ടൗൺ വികസിച്ചത് മലഞ്ചരക്ക് വിപണിയെ ആശ്രയിച്ചാണ്.
പാലക്കുഴി മുതൽ നെന്മാറ, മംഗലംഡാം, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, അയിലൂർ, പഞ്ചായത്തുകളിലെ കാർഷിക മേഖല ആശ്രയിക്കുന്ന പ്രധാന വിപണിയാണ് വടക്കഞ്ചേരി. ഇടുക്കി, കോട്ടയം മാർക്കറ്റുകളെ പോലെ കാർഷിക ഉൽപന്നങ്ങൾക്കുപുറമേ, റബർ റോളർ, മോട്ടോറുകൾ, പമ്പ് സെറ്റ്, കാട് വെട്ടുയന്ത്രം തെങ്ങ്-കമുക് കയറൽ യന്ത്രം, റബർ കൃഷിക്കാവശ്യമായ ചിരട്ട, ആസിഡ്, കമ്പി, പ്ലാസ്റ്റിക്, മഴമറ തുടങ്ങിയവയുടെ വിപണന കേന്ദ്രമായി വളർച്ചനേടി. ഇടുക്കി, കോട്ടയം മാർക്കറ്റുകൾക്ക് ഒപ്പമെത്തുന്ന വിപണിയായി വടക്കഞ്ചേരിയി മാറിയിട്ടുണ്ടെന്ന് വ്യാപാരി ഷൈബു കുര്യാക്കോസ് പറയുന്നു.
പാലക്കാട് പട്ടണത്തേക്കാൾ, മണ്ണാർക്കാട് മേഖലയെ പോലെ തോട്ടവിള ഉൽപ്പന്ന വിപണന കേന്ദ്രമായി വടക്കഞ്ചേരി മേഖല മാറി. ദേശീയപാത 544 കടന്നുപോവുന്നത് വടക്കഞ്ചേരി പട്ടണത്തിനരികിലൂടെയാണ്. തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം മേഖലയിലേക്ക് നേരിട്ട് കെ.എസ്.ആർ.ടി.സി ബസ് സൗകര്യവും ലഭ്യമാണ്.
എന്നാൽ, മുൻകാലങ്ങളിൽ വടക്കഞ്ചേരി പട്ടണത്തിലുണ്ടായിരുന്ന വലിയ മലഞ്ചരക്ക് വ്യാപാരികളായ സേവിയർ ആൻഡ് കമ്പനി, പി.കെ.വി, റോക്കീസ് നാരോത്ത് തുടങ്ങിയ കടകളൊന്നും നിലവിലില്ല. ചെറിയ ഗ്രാമപ്രദേശങ്ങളിലും മലഞ്ചരക്ക് കടകൾ തുറന്നതിനാൽ സമീപ പ്രദേശങ്ങളിലെ കർഷകർ വടക്കഞ്ചേരി പട്ടണത്തിലേക്ക് വരാതായതാണ് ഇതിനു കാരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ കെ.എം. ജലീൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.