പാലക്കാട്: ഇടവേളക്കുശേഷം പച്ചക്കറി വില വീണ്ടും ഉയരുന്നു. ഇതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റും താളം തെറ്റിത്തുടങ്ങി. ഒരാഴ്ച മുമ്പ് വരെ 30-35 രൂപയുണ്ടായിരുന്ന സവാളക്ക് 60-70 രൂപയും 60-70 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് 120-130 രൂപയുമായി ഉയർന്നു. 30 രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് 45 രൂപയായി. പച്ചമുളകിന് 90 രൂപയുമാണ് കഴിഞ്ഞ ദിവസത്തെ വിലനിലവാരം.
ഇഞ്ചിക്ക് 180ഉം വെളുത്തുള്ളിക്ക് 240 രൂപയുമായി ഉയർന്നു. പാവക്ക, വെണ്ടക്ക, കോളിഫ്ലവർ, അമര എന്നിവക്ക് 60 രൂപയാണ് വില. പയർ 80 രൂപയായി ഉയർന്നു. ഇതിന് പുറമെ ബീൻസ്, കൊത്താവര, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവക്ക് 50 രൂപയായി. ഇളവൻ, മത്തൻ, പടവലം എന്നിവക്ക് 35-40 രൂപയാണ്. ചേനയുടെ വില കിലോക്ക് 70 രൂപയോളമായിട്ടുണ്ട്. തക്കാളിക്ക് മാത്രമാണ് വിപണിയിൽ അൽപ്പമെങ്കിലും വിലക്കുറവ്. ഇത്തവണ അനുകൂല കാലാവസ്ഥയില്ലാത്തതിനാൽ കൂർക്ക വിളവെടുപ്പ് തുടങ്ങിയിട്ടും കിലോക്ക് 60-70 രൂപയുണ്ട്.
പ്രാദേശിക പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതിനാൽ അയൽ സംസ്ഥാന പച്ചക്കറിയെ തന്നെ ആശ്രയിക്കണം. വില വർധനയുടെ സാഹചര്യങ്ങളിൽ ഹോർട്ടികോർപ്പ് സ്റ്റാളുകൾ വഴി വിതരണവും സർക്കാർ ഇടപെടലുകളും കാര്യക്ഷമല്ലാത്തതിനാൽ ജനം പ്രതിസന്ധിയിലാണ്. പൊതുവിപണിയിൽ പലവ്യഞ്ജന സാധനങ്ങൾക്കൊപ്പം പച്ചക്കറി വിലയുയരുന്നതോടെ സാധാരണക്കാർക്കൊപ്പം ഹോട്ടൽ മേഖലകളും പ്രതിസന്ധിയിലാവുകയാണ്. സാധാരണ നവംബർ, ഡിസംബർ മാസങ്ങളിൽ പച്ചക്കറികൾക്ക് വില ഉയരാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.