പാലക്കാട്: നമുക്ക് ആവശ്യം വരുമ്പോൾ തിരയേണ്ട ഒന്നല്ല സൗഹൃദങ്ങളും ബന്ധങ്ങളും. അതുപോലെതന്നെയാണ് രക്തവും രക്തദാനവും. ഇന്ന് ലോക രക്തദാനദിനം. ഓരോ വിലപ്പെട്ട ജീവനും രക്ഷിക്കാനാകുമെന്ന അവബോധം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യം മുന്നില് കണ്ടാണ് ഈ ദിനം ആചരിക്കുന്നത്. രക്തദാനം മഹാദാനമായി കാണുന്ന ഒരുകൂട്ടർ ഉണ്ട് കേരളത്തിൽ. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് ഈസ് ബ്ലഡ് കേരള എന്ന സന്നദ്ധ സംഘടന. 2016 ഡിസംബർ 28ന് കണ്ണൂരിൽ രൂപവത്കരിച്ച സംഘടന കേരള സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയകാലം കൊണ്ട് കേരളം മുഴുവൻ സംഘടന പടർന്നുപന്തലിച്ചു. ഇന്ന് ഓരോ ജില്ലയിലും 3000 ത്തിലധികം സന്നദ്ധ രക്തദാതാക്കളുമായി ഈ സംഘം പ്രവർത്തിക്കുന്നു. ഓരോ ജില്ലയിലും 200ഓളം പ്രവർത്തകരുടെ 15 ഏരിയ യൂനിറ്റുകളായാണ് പ്രവർത്തിക്കുന്നത്. റെഡ് ഈസ് ബ്ലഡ് കേരളയുടെ ഏഴ് ജില്ല കമ്മിറ്റികൾക്കും വേൾഡ് ബുക്ക് ഓഫ് റെക്കോഡിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.
വിദ്യാർഥികൾ മുതൽ സർക്കാർ ജീവനക്കാരും തൊഴിലാളികളും വീട്ടമ്മമാരും വരെ സംഘടനയിലുണ്ട്. എല്ലാ മാസവും കാമ്പസുകൾ കേന്ദ്രീകരിച്ച് രക്തദാനക്യാമ്പുകൾ നടത്താറുണ്ട്. മാസത്തിൽ 15ലധികം ക്യാമ്പുകൾ വരെ നടത്താറുണ്ടെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പ്രഖിൽ പട്ടാമ്പി പറഞ്ഞു. ജില്ല ബ്ലഡ് ബാങ്കിൽ രക്തം കുറവ് വരുമ്പോൾ ഇത്തരം ക്യാമ്പുകളിലൂടെ അത് നികത്തപ്പെടാറുണ്ട്. പട്ടാമ്പി ചെമ്പ്രയിലെ ഒരു കുട്ടിക്ക് വളരെ അപൂർവമായ ബോംബെ ഒ.എച്ച് നെഗറ്റീവ് ഗ്രൂപ്പ് ആവശ്യമായിവന്നപ്പോൾ സംഘടനയുടെ സഹായത്താൽ ചെന്നൈയിൽ നിന്നാണ് ഒരു ദാതാവ് വന്ന് രക്തം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ താമസമാക്കിയ മഞ്ചേരിക്കാരിയായ ഒരുകുട്ടിക്ക് അപൂർവമായ പി നൾ (P NULL) ഗ്രൂപ്പ് രക്തം ആവശ്യമായപ്പോഴും ഉത്തർപ്രദേശിലെ ഒരു വ്യക്തി എറണാകുളത്തുവന്നാണ് രക്തം നൽകിയത്. പ്രഖിൽ പട്ടാമ്പി പ്രസിഡന്റും സുനിൽ കുമാർ മലപ്പുറം സെക്രട്ടറിയും മിഥുൻ കണ്ണൂർ ട്രഷററുമായ സംഘമാണ് സൊസൈറ്റിക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.