ഇന്നുമുതൽ എം.സി റോഡ്​ കാമറ നിരീക്ഷണത്തിൽ

പന്തളം: വെള്ളിയാഴ്ച മുതൽ എം.സി റോഡ്​ കാമറ നിരീക്ഷണത്തിലാകും. ഗതാഗത ലംഘനങ്ങൾ പിടികൂടാനായി പ്രധാന നിരത്തുകളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ വെള്ളിയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. ഒന്നാംഘട്ടമായി 35 നിരീക്ഷണ കാമറകളാണ് തയാറായത്. മോട്ടോർ വാഹന വകുപ്പിനെറ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ കാമറകൾ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് എം.സി. റോഡിൽ കുരമ്പാല, ഇടയാടി ജങ്​ഷൻ, മെഡിക്കൽ മിഷൻ ,പന്തളം ജങ്​ഷൻ, കുളനട ജങ്​ഷൻ, മാന്തുക തുടങ്ങിയ ഭാഗങ്ങളിലാണ് കാമറ സ്ഥാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (നിർമിത ബുദ്ധി), റെഡ് ലൈറ്റ് വയലേഷൻ, സ്പീഡ് വയലേഷൻ എന്നിങ്ങനെ മൂന്നുതരം കാമറകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ എം.സി. റോഡിൽ ഉൾപ്പെടുന്ന ജില്ലയുടെ ഭാഗങ്ങളിൽ മാത്രമാണ് കാമറ നിരീക്ഷണം ഉണ്ടായിരുന്നത്. കാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്‍റ്​ വിഭാഗത്തിന്‍റെ തിരുവനന്തപുരം സെൻട്രൽ സെർവർ കൺട്രോൾ റൂമിൽ ശേഖരിച്ചശേഷം ജില്ലതല കൺട്രോൾ റൂമിലേക്ക് കൈമാറി വാഹന ഉടമകൾക്ക് പിഴ അടക്കാനുള്ള നോട്ടീസ് തപാലിൽ അയക്കും. തിരുവല്ല ജോയന്‍റ്​ ആർ.ടി.ഒയുടെ ഓഫിസിലാണ് ജില്ലയിലെ കൺട്രോൾ റൂം. ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞു. കെൽട്രോണിനാണ് കാമറകൾ സ്ഥാപിക്കുന്നതിന്‍റെയും തുടർ പ്രവർത്തനങ്ങളുടെയും ചുമതല. ശബരിമല മണ്ഡല തീർഥാടനകാലത്തിന് മുമ്പ്​ കാമറകൾ ജില്ലയിൽ പ്രവർത്തന ക്ഷമമാകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധി മൂലം കാമറകളും അനുബന്ധ സാധനങ്ങളും വിദേശത്തുനിന്ന് വരാനുള്ള കാലതാമസമാണ് വൈകിയതിന് കാരണമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.