എന്റെ കേരളം പ്രദര്‍ശന വിപണ മേള ഇന്ന് തുടങ്ങും

പത്തനംതിട്ട: സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോട്​ അനുബന്ധിച്ചുള്ള ജില്ലതല ആഘോഷ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണനമേള ബുധനാഴ്ച തുടങ്ങുമെന്ന് മന്ത്രി വീണ ജോർജ്​ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 17വരെയാണ് മേള. രാവിലെ 10ന് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിക്കും. സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും അടക്കം ശീതീകരിച്ച 179 സ്റ്റാളുകളാണ് പ്രവര്‍ത്തിക്കുക. ഇതില്‍ 79 സ്റ്റാളുകള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേതാണ്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പതുവരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷ്യമേളയും ഒരുങ്ങുന്നുണ്ട്. ഇതോടൊപ്പം കാര്‍ഷിക പ്രദര്‍ശന വിപണന മേള, നവീന സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന ടെക്‌നോ ഡെമോ എന്നിവയും മേളയുടെ സവിശേഷതയാണ്. ജില്ലയില്‍നിന്നുള്ള വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളുമാണ് ടെക്‌നോ ഡെമോ സംഘടിപ്പിക്കുന്നത്. ഏഴു ദിവസവും രാവിലെ സെമിനാറുകളും വൈകുന്നേരങ്ങളില്‍ കലാസാംസ്‌കാരിക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ജില്ല കഥകളി ക്ലബ് അവതരിപ്പിക്കുന്ന കഥകളി, ആറന്മുള, ശ്രീ ഷഡങ്കുര പുരേശ്വര കളരി അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, ഫോക്​ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ നയിക്കുന്ന പാട്ടുപടേനി, വേലകളി, ബോഡുബെറു നാടന്‍ സംഗീതം, യൗവന ഡ്രാമ വിഷന്റെ നാടകം, ഗസല്‍ സന്ധ്യ, സാംസ്‌കാരിക വകുപ്പിന്റെ നേതൃത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങളുടെ അവതരണം, സുനില്‍ വിശ്വത്തിന്റെ പാട്ടുകളം, അപര്‍ണ രാജീവിന്റെ സ്മൃതി സന്ധ്യ, കരുനാഗപ്പള്ളി ഗിരീഷ് കുമാറും സംഘവും അവതരിപ്പിക്കുന്ന ജുഗല്‍ബന്ദി, രാഹുല്‍ കൊച്ചാപ്പിയും സംഘത്തിന്റെയും പാട്ടുവഴി, സിനിമ സീരിയല്‍, താരങ്ങളായ കോട്ടയം സുഭാഷും ജോബി പാലയും സംഘവും അവതരിപ്പിക്കുന്ന കോമഡി മിമിക്രി മഹാമേള, വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും. വാർത്തസമ്മേളനത്തില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ എന്നിവരും പ​ങ്കെടുത്തു. 13 സെമിനാറുകള്‍ പത്തനംതിട്ട: എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി 13 സെമിനാറുകള്‍ സംഘടിപ്പിക്കും. ഇന്ന് ഒരു സെമിനാറും നാളെ മുതല്‍ 17വരെ ദിവസേന രണ്ടുവീതം സെമിനാറുകളുമാണ് പത്തനംതിട്ട ജില്ല സ്‌റ്റേഡിയത്തില്‍ അരങ്ങേറുക. ഇന്ന് രാവിലെ 11.30ന് ​പൊലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ 'സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയും' സെമിനാര്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.