പത്തനംതിട്ട: സംസ്ഥാനത്തെ കായികമേഖലയില്‍ 5000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന് പറഞ്ഞു. പത്തനംതിട്ട കെ.കെ. നായര്‍ സ്പോര്‍ട്സ് കോംപ്ലക്സിന്റെ നിർമാണോദ്ഘാടനം ജില്ല സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 47.92 കോടി രൂപയാണ് സ്പോര്‍ട്സ് കോംപ്ലക്സിനായും ബ്ലെസണ്‍ ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വകയിരുത്തിയിട്ടുള്ളത്.
കെ.കെ. നായര്‍ ജില്ല സ്റ്റേഡിയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കായികവകുപ്പിന് കീഴിലുള്ള സ്പോര്‍ട്സ് കേരളം ഫൗണ്ടേഷനാണ് നിര്‍മാണ ചുമതല. ഊരാളുങ്കല്‍ കോ- ഓപ്പറേറ്റീവ് സൊസെറ്റി ലിമിറ്റഡാണ് സിവില്‍, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ ചെയ്യുന്നത്.
ഒന്നാം ഘട്ടത്തില്‍ എട്ട് ലൈൻ 400 മീ. സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുട്ബാള്‍ ടര്‍ഫ്, നീന്തല്‍ക്കുളം, പവലിയന്, ഗാലറി മന്ദിരങ്ങള്‍ എന്നിവയാണ് നിര്‍മിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഹോസ്റ്റല്‍ നിര്‍മിക്കും. മുന്‍ മന്ത്രി ടി.എം. തോമസ് ഐസക് സന്നിഹിതനായിരുന്നു. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് ചീഫ് എൻജിനീയര്‍ പി.കെ. അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭാധ്യക്ഷന്‍ സക്കീര്‍ ഹുസൈന്, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ. അനില്‍കുമാര്‍, ജില്ല പഞ്ചായത്ത് അംഗം ഓമല്ലൂര്‍ ശങ്കരന്, ജില്ല ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, നഗരസഭ ഡപ്യൂട്ടി ചെയര്പേഴ്സൻ അമീന ഹൈദരലി, വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് കെ.ആര്. അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.