ചെങ്ങന്നൂർ: പത്രവായനക്കായി കിലോമീറ്ററുകൾ താണ്ടി തൊട്ടടുത്ത ആലപ്പുഴ ജില്ലയിലേക്കു കാൽനടയായി എല്ലാപ്രഭാതത്തിലും എഴുപതാം വയസിലുംയാത്ര ചെയ്യുകയാണ് അബൂബക്കർ. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ കടപ്ര ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡായ പരുമല ചെട്ടിയാരുകുളത്തിൽ വീട്ടിൽ അബൂബക്കറിന് തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ മാന്നാർ പന്നായി കടവ് ഭാഗത്ത്ബീഡി തെറുപ്പു ജോലിയും സ്വന്തമായി മുറുക്കാൻ കടയും ഉണ്ടായിരുന്നു. 10 വർഷം മുൻപ് ഇതെല്ലാം അവസാനിപ്പിച്ചു. അതുവരെ ഒരുപത്രം സ്ഥിരമായിവരുത്തുന്നതോടൊപ്പം കുറഞ്ഞത് മറ്റ് രണ്ടെണ്ണമെങ്കിലും വായിക്കുക പതിവായിരുന്നു.
വാർധക്യ കാല പെൻഷനല്ലാതെ, മറ്റു വരുമാനമൊന്നും ഇല്ലാതായതോടെയാണ് പത്രവായനക്കായി കിലോമീറ്ററുകൾ നടക്കാൻ തുടങ്ങിയത്. രാവിലെ 6 മണിയോടെ വീട്ടിൽ നിന്നും തിരിക്കും. റോഡരികിലുടെ ധൃതിയിലുള്ള പോക്ക് ഈ വഴിയിലുള്ളവർക്കെല്ലാം ഇപ്പോൾ പതിവ് കാഴ്ചയാണ്.
ചായക്കടയിൽ നിന്ന് ചായകുടിച്ച ശേഷം പിന്നെ കടത്തിണ്ണയിൽ സ്വസ്ഥമായിട്ടിരുന്ന് പത്രപാരായണമാണ്. ഒന്നു വായിച്ച ശേഷം സുരക്ഷിതമായി ഇരുന്ന സ്ഥാനത്ത് തന്നെ വെച്ച് മറ്റൊരെണ്ണമെന്ന കണക്കിൽ മൂന്നു ദിന പത്രങ്ങൾ ഒന്നര മണിക്കൂർ സമയമെടുത്ത് വായിച്ചു തീർക്കും.
പ്രായത്തിേന്റതായ ശാരീരിക വിഷമതകളുണ്ടെങ്കിലും കാഴ്ചശക്തിക്ക് കണ്ണടയുടെ ആവശ്യം ഇതുവരെ വേണ്ടി വന്നിട്ടില്ല. ദിവസവും ആറു കിലോമീറ്റർ ദൂരം രണ്ടു വശത്തേക്കും നടക്കുന്നുണ്ട്. തിങ്കപ്പുഴയിലുള്ള ടാഗോർ സ്മാരക വായനശാലയിലും മിക്കപ്പോഴും പോകും.
നബീസാ ബീവിയാണ് ഭാര്യ. നിസാർ, നവാസ്, നിയാസ്. സലീമ എന്നീ നാലു മക്കളുണ്ട്. ഇതിൽ നവാസും - നിയാസും - അവരുടെ ഭാര്യമാരായ ഷൈലാ ബീവിയും, ലെമിയും കൊച്ചുമക്കളായ നാഷിലയും, നൗഫിയും അടക്കം എട്ടു പേരാണ് ഇപ്പോൾ വീട്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.