അടൂര്‍: യു.ഡി.എഫ് ആദ്യകാലം മുതല്‍ ഭരിച്ച അടൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് ഭരണമേറ്റെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ മിക്ക വാഗ്ദാനങ്ങളും നടപ്പാക്കാന്‍ ശ്രമം ആരംഭിച്ചു. ശ്രീമൂലം ചന്ത നവീകരണം, കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡില്‍ ടേക് ദ ബ്രേക് പദ്ധതിയില്‍ ശൗചാലയവും വിശ്രമമുറിയും എന്നിവ നിര്‍മാണം തുടങ്ങി. ജനറല്‍ ആശുപത്രിക്കുസമീപം പഴയ കംഫര്‍ട്ട് സ്റ്റേഷന് നവീകരിച്ചു. പേരില്‍ മാത്രമുള്ള നഗരസഭ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍മാണാനുമതി ലഭിച്ച സ്ഥലത്ത് നഗരസഭ ആസ്ഥാനമന്ദിരവും ഷോപ്പിങ് കോംപ്ലക്സും ഈ ഭരണകാലയളവില്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ കരാര്‍ നടപടി പൂര്‍ത്തീകരിച്ചു.
ഇതേസമയം നഗരസഭയുടെ ചുമതലയിലുള്ള അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ല. സാധാരണക്കാര്‍ക്ക് ഉപയോഗപ്പെടുന്ന നിലയിലല്ല സര്‍ക്കാര്‍ ആശുപത്രി. രണ്ടുരൂപ ഒ.പി ടിക്കറ്റിനുണ്ടായിരുന്നത് 10 രൂപയാക്കി. വൈറ്റമിന്‍ ഗുളികകള്‍ പോലും രോഗികള്‍ക്ക് നല്കാന് സ്റ്റോക്കില്ല എന്നാണ് പറയുന്നത്. ട്രോമാ കെയര്‍ യൂനിറ്റ് കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം ചെയ്തെങ്കിലും സ്പെഷലിസ്റ്റ് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതിനാല്‍ ഗുണകരമായില്ല. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും സൗകര്യങ്ങളും ഇല്ലാതെ ജനറല്‍ ആശുപത്രി റഫറല്‍ ആശുപത്രിയായി അധഃപതിച്ചു.
അടൂരിലെ സ്വകാര്യ ആംബുലന്‍സുകാര്‍ക്ക് ഓട്ടം ലഭിക്കാന്‍ മാത്രമാണ് ഈ ആശുപത്രി സഹായകമായിട്ടുള്ളത്. മെഡിക്കല്‍ സ്റ്റോറുകളും ലബോറട്ടറികളും ഡോക്ടര്‍മാരും ബന്ധിച്ചുള്ള ചികിത്സ വ്യാപാരമാണ് ഇവിടെ നടക്കുന്നത്. ഇവിടെ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒടുവില്‍ മനുഷ്യാവകാശ കമീഷന് ഇടപെടേണ്ട സ്ഥിതി വന്നു. തെരുവുവിളക്കുകള്‍ കേടായാല്‍ 24 മണിക്കൂറിനകം ശരിയാക്കുന്നതിന് ടോള്‍ഫ്രീ കാള്‍ സംവിധാനം, ഗതാഗതക്കുരുക്കിന് പരിഹാരമായി റിങ് റോഡുകള്‍, പുതുവാക്കല്‍ ഏലയില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് സ്റ്റേഡിയം നിര്‍മാണം, കനാല്പാതകളുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ അനുമതിയോടെ പ്രത്യേക പാക്കേജ്, വൈദ്യുതി ശ്മശാനം, ഖരമാലിന്യ നിര്‍മാര്‍ജന പദ്ധതി, നഗര സൗന്ദര്യവത്കരണവും ശൗചാലയങ്ങളുടെ നിര്‍മാണവും എന്നിവ പത്രികയില്‍ പറഞ്ഞിരുന്നു.
വനിതകള്‍ക്ക് ആലംബമില്ലാതെ രാത്രിയില്‍ തങ്ങാന്‍ പാര്‍പ്പിട കേന്ദ്രം ഒരുക്കുമെന്നായിരുന്നു എല്‍.ഡി എഫ് പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനം. അടൂര്‍ ടൗണ്‍ഹാളും സെന്‍ട്രല്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയവും ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ ഫിലിം, കല, സാഹിത്യമേള സംഘടിപ്പിക്കുമെന്നും വൃദ്ധജനങ്ങള്‍ക്ക് ആശ്രയമായി പകല്‍ വീട് നിര്‍മിക്കുമെന്നും പൊതുശ്മശാനം പൂര്‍ത്തീകരിക്കാനുള്ള തടസ്സങ്ങള്‍ പരിഹരിക്കുമെന്നും പറഞ്ഞിരുന്നു.
വൈദ്യുതി ശ്മശാനം, നഗരത്തില്‍ ശുചിമുറികള്‍, അമ്മമാര്‍ക്ക് മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ എന്നിവ നിര്‍മിക്കും. സഞ്ചരിക്കുന്ന വൈദ്യസഹായ പദ്ധതി നടപ്പാക്കും. യുവജനങ്ങള്‍ക്ക് സൗജന്യ മത്സരപരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. പുതുതായി നിര്‍മിക്കുന്ന നഗരസഭ ആസ്ഥാന മന്ദിരത്തില്‍ പൂര്‍ണമായി ഡിജിറ്റല്‍ സംവിധാനത്തോടെയുള്ള ഫ്രണ്ട് ഓഫിസ് നടപ്പാക്കും.
വിശപ്പുരഹിത കേരളം പദ്ധതിയില്‍പെടുത്തി, കൂടുതല്‍ ന്യായവില ഭക്ഷണകേന്ദ്രങ്ങള്‍ ആരംഭിക്കും. നിരത്തുകളില്‍ സോളാര്‍ പാനലിലൂടെ വൈദ്യുതി ഉല്പാദിപ്പിച്ച് പ്രകാശപൂരിതമായ നഗരം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കും തുടങ്ങിയ പദ്ധതികളാണ് എല്‍.ഡി.എഫ് പ്രഖ്യാപിച്ചിരുന്നത്. പിറവിയെടുത്ത് മൂന്ന് ദശാബ്ദമാകാറായ അടൂര്‍ നഗരസഭയില്‍ ഭരണമാറ്റമുണ്ടായെങ്കിലും വകസനം തുടങ്ങിയയിടത്തുതന്നെയാണ്. 1953ല്‍ പഞ്ചായത്തായ അടൂര്‍ 1990 ഏപ്രില്‍ ഒന്നിനാണ് നഗരസഭയായത്. പഞ്ചായത്തായിരുന്നപ്പോഴുള്ള അടിസ്ഥാനസൗകര്യമേ ഇപ്പോഴുമുള്ളൂ. പഴയ പഞ്ചായത്ത് ഓഫിസാണ് നഗരസഭ കാര്യാലയം.
യു.ഡി.എഫ് ഭരണകാലത്ത് അടൂര്‍ പ്രകാശ് മന്ത്രിയായിരിക്കെ റവന്യൂ വകുപ്പിന്റെ അധീനതയിലിരുന്ന ശ്രീചിത്തിര ടൗണ്‍ഹാളും സ്ഥലവും നഗരസഭക്ക് സര്‍ക്കാര്‍ വിട്ടുനല്‍കിയിരുന്നു. പഴയ ടൗണ്‍ഹാള്‍ പൊളിച്ച് പുതിയ സമുച്ചയം പണി 2015 ഏപ്രിലില്‍ തുടങ്ങുമെന്ന് മുന്‍ ചെയര്മാന് ഉമ്മന്‍ തോമസ് പറഞ്ഞിരുന്നു. എന്നാല്‍, എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പദ്ധതി നഗരസഭ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റി.
കരുവാറ്റ ഏലായില്‍ നഗരസഭ കാര്യാലയത്തിന് കല്ലിടല്‍ നടത്തിയതല്ലാതെ പിന്നീട് ഒന്നും നടന്നിരുന്നില്ല. നഗരസഭ കാര്യാലയത്തിന് വിട്ടുനല്‍കിയ സ്ഥലം സര്‍ക്കാര്‍ തിരിച്ചെടുക്കാനുള്ള നീക്കത്തിലാണെന്ന് അറിയുന്നു. മാലിന്യനിര്‍മാര്‍ജനത്തിന് ക്രിയാത്മക നിര്‍ദേശങ്ങളോ സ്റ്റേഡിയം നിര്‍മാണത്തിന് തുടര്‍നടപടിയോ ഉണ്ടായില്ല. അടൂര്‍ സെന്‍ട്രല്‍ മത്സ്യച്ചന്ത ദിവസച്ചന്തയാക്കി മാറ്റുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമായില്ല. ആധുനിക അറവുശാല, വൈദ്യുതി ശ്മശാനം എന്നിവയും സാക്ഷാത്കരിച്ചില്ല. മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ്, സ്റ്റേഡിയം എന്നിവയുടെ പണി പൂര്‍ത്തീകരിക്കാൻ വര്‍ഷങ്ങളായി ബജറ്റില്‍ തുക വകയിരുത്തുന്നുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല. ജില്ലയില്‍ പൊതുസ്റ്റേഡിയം ഇല്ലാത്ത ഏക നഗരസഭയാണ് അടൂര്‍. ഇ.വി സ്മാരകം ഏറ്റെടുത്ത് നവീകരണം നടത്തുമെന്ന വാഗ്ദാനവും നടപ്പായില്ല.
കാല്‍നൂറ്റാണ്ടിലേറെയായി ബസ് കയറാതെ സാമൂഹിക വിരുദ്ധകേന്ദ്രമായി മാറിയ പറക്കോട് ബസ്സ്റ്റാന്‍ഡില്‍ ഷോപ്പിങ് കോംപ്ലക്സ്, കെന്‍കോസ് സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങളും പൂവണിഞ്ഞില്ല. അടൂര്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയായിരുന്ന രജനി എസ്. ആനന്ദ് ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് അടൂരില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിന് നഗരസഭ സ്ഥലം വിട്ടുകൊടുക്കണമെന്ന കരാര്‍ ഇനിയും പാലിക്കപ്പെട്ടില്ല.
പുതിയകാവില്‍ ചിറ ടൂറിസം പദ്ധതി, കലാസാംസ്കാരിക രംഗത്ത് മികവ് പദ്ധതി, വൈ-ഫൈ നഗരം എന്നിവ ഉള്‍പ്പെടെ പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളും നടപ്പാക്കാനും സാധിച്ചിട്ടില്ല. ഇതൊക്കെ ഇനി നടപ്പാക്കാന്‍ ഏറെ കടമ്പകള്‍ കടക്കണം. പ്രധാന പ്രശ്നം എല്‍.ഡി.എഫിലെ സ്വരച്ചേര്‍ച്ചയില്ലായ്മയാണ്.
ഭരണസമിതിയുടെ ആദ്യ പകുതിയില്‍ സി.പി.ഐയുടെ ഡി. സജിയാണ് നഗരസഭ അധ്യക്ഷന്‍. തുടര്‍ന്ന് സി.പി.എമ്മിന് സ്ഥാനം വിട്ടുനല്‍കണമെന്നാണ് തീരുമാനം. അതിനാല്‍തന്നെ ഇരുപാര്‍ട്ടിയും തമ്മില്‍ സഹകരണ മനോഭാവം ഇല്ലെന്നു മാത്രമല്ല പടലപ്പിണക്കത്തില്‍ വികസനകാര്യങ്ങള്‍ നീണ്ടു പോകുകയുമാണ്.
നഗരസഭ കെട്ടിടം, ബസ് ടെര്‍മിനൽ നിർമാണം ഉടൻ തുടങ്ങും - ചെയർമാൻ
ബസ് സ്റ്റാൻഡിനുസമീപം നഗരസഭ കെട്ടിടവും ബസ് ടെര്‍മിനലും കരാര്‍ നടപടി പൂര്‍ത്തീകരിച്ചതായും നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും നഗരസഭ ചെയര്മാന് ഡി.സജി പറഞ്ഞു. 12 കോടി രൂപയാണ് ആകെ അടങ്കല്‍ തുക.
ആദ്യഘട്ടത്തില്‍ 6.32,700 കോടി രൂപയുടെ നിര്‍മാണത്തിനാണ് കരാര്‍ നല്‍കിയത്. ശ്രീമൂലം ചന്ത 2.32 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്റ്റേഡിയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. മാലിന്യശേഖരണം ആരംഭിച്ചു. വിദ്യാലയങ്ങള്‍ നവീകരിച്ചു.
ജനറല്‍ ആശുപത്രി നവീകരിച്ചു. ട്രോമാ കെയര്‍, 280 കിടക്ക എന്നിവ ഒരുക്കി. കുട്ടികള്‍ക്ക് പ്രത്യേക ഐ.സി.യു ആരംഭിച്ചു. 14.5 കോടിയുടെ കിഫ്ബി കെട്ടിടത്തിന്റെ പണി ആരംഭിക്കാന്‍ നടപടിയായി. നഗരസൗന്ദര്യവത്കരണം ഉടന്‍ തുടങ്ങും. നിലാവ് പദ്ധതിയില്‍ തെരുവുവിളക്കുകള്‍ ഉള്‍പ്പെടുത്തി പണി പുരോഗമിക്കുന്നു. നഗരസഭ ഓഫിസില്‍ ആവശ്യമായ കമ്പ്യൂട്ടറും ഫര്‍ണിച്ചറും വാങ്ങി. നിലവിലെ ഓഫിസ് സംരക്ഷിച്ചു. നഗരസഭ മുന്‍കൈയെടുത്ത് ഡി.ടി.ഡി.സി പുതിയകാവില്‍ ചിറ വിനോദ സഞ്ചാരകേന്ദ്രം നടപ്പാക്കും. അനന്തരാമപുരം ചന്തയുടെ നവീകരണത്തിന് രൂപരേഖ തയാറായി.
പുതിയ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് പറക്കോട് ബസ് സ്റ്റാൻഡ് നവീകരിച്ച് ബസുകള്‍ കയറാന്‍ നടപടിയെടുക്കും. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡില്‍ ടേക് എ ബ്രേക് പദ്ധതി നിര്‍മാണം ആരംഭിച്ചു. ജനറല്‍ ആശുപത്രിക്കുസമീപം ശൗചാലയം നവീകരിച്ചു.
വികസനം പ്രചാരണത്തില്‍ ഒതുങ്ങുന്നു - യു.ഡി.എഫ്
നിലവിലെ ഭരണസമിതി ഭരണമേറ്റെടുത്ത് വികസനം പ്രചാരണത്തില്‍ മാത്രം ഒതുങ്ങുകയാണെന്ന് യു.ഡി.എഫ് പാര്‍ലമെന്ററി
പാര്‍ട്ടി നേതാവ് ഡി. ശശികുമാര്‍. 2018ല്‍ കല്ലിട്ട നഗരസഭ കാര്യാലയം ഇതുവരെ പണി തുടങ്ങിയില്ല. സ്റ്റേഡിയത്തിന്റെ കാര്യം മിണ്ടുന്നതേയില്ല. പറക്കോട് ചന്ത ക്ഷയിച്ചുപോകുന്നതല്ലാതെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 'നിലാവ്' പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല വാര്‍ഡുകളില്‍ ഇരുട്ടാണ്. മാലിന്യനിര്‍മാര്‍ജനം അമ്പേ പരാജയവും ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം നിശ്ചലവുമാണ്. ടൗണ്‍ഹാള്‍ നിര്‍മാണം എങ്ങുമെത്തിയില്ല. സ്ഥലം സര്‍ക്കാര്‍ തിരിച്ചെടുക്കാന്‍ പോകുന്നു. നഗരത്തില്‍ പാര്‍ക്കിങ് സംവിധാനം മെച്ചപ്പെടുത്തിയില്ല. നഗരത്തിലെ മുഴുവന്‍ പാതകളും സഞ്ചാരയോഗ്യമല്ല. പാതകള്‍ നന്നാക്കാന്‍ വാര്‍ഡില്‍ ആവശ്യമായ തുക വകയിരുത്തിയിട്ടില്ല.
നഗരത്തിലെ പ്രധാന കെട്ടിടങ്ങള്‍ ഉള്‍പ്പെടെ അണ് ഓതറൈസ്ഡ് (യു.എ) നമ്പര്‍ ഇട്ടിരിക്കുന്നതിനാല്‍ വരുമാനം കുറഞ്ഞു. സി.പി.എം-സി.പി.ഐ പടലപ്പിണക്കം മാത്രമാണ് നടക്കുന്നത്. നഗരത്തില്‍ ആവശ്യമായ ശൗചാലയങ്ങളും പുതിയ പദ്ധതികളുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.