അ​ടൂ​ര്‍ പു​തു​ശ്ശേ​രി​ഭാ​ഗം ക​ത്തോ​ലി​ക്ക​പ​ള്ളി​ക്ക്​ മു​ന്നി​ല്‍ അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍ന്ന വാ​ഹ​ന​ങ്ങ​ള്‍

സുരക്ഷ ഇടനാഴി ചോരക്കളമാകുന്നു

അടൂര്‍: മഴക്കാലമായതോടെ എം.സി റോഡില്‍ മിത്രപുരം മുതല്‍ ഏനാത്ത് വരെയുള്ള ഭാഗങ്ങളില്‍ അപകട പരമ്പര. ദിനംപ്രതി അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ അപകടവും പതിവായതും ഏനാത്ത് പുതുശ്ശേരിഭാഗം ജങ്ഷനിലും പരിസരത്തുമാണ്.

എം.സി റോഡ് പഴയ സുരക്ഷ ഇടനാഴിയായി മാറിയപ്പോഴും അപകടങ്ങള്‍ക്ക് ഒരു കുറവുമില്ല. പ്രതിവര്‍ഷം അമ്പതിലേറെ അപകടങ്ങളാണ് ഏനാത്തിനും അടൂരിനുമിടക്ക് നടക്കുന്നത്. പുതുശ്ശേരിഭാഗത്തു തന്നെ ഈ വര്‍ഷം ഒരു ഡസനോളം പേര്‍ അപകടങ്ങളില്‍ മരിച്ചു.

തദ്ദേശവാസികള്‍ ഓരോ പ്രഭാതവും ഭയാശങ്കകളോടെയാണ് കാണുന്നത്. അടുത്തിടെ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചതും കെ.എസ്.ആര്‍.ടി.സി ബസും ലോറിയുമായി ഇടിച്ചതും ഇവിടെ തന്നെ. റോഡ് നവീകരണത്തിനു മുമ്പ് ഈ സ്ഥലത്ത് വാഹനങ്ങള്‍ നിയന്ത്രണംവിട്ട് മറിയുന്നതു പതിവായിരുന്നു.

ഏറ്റവും ഒടുവിലാണ് ബുധനാഴ്ച ഒരു കുടുംബത്തിലെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പാതയിലെ അപകടങ്ങള്‍ ഒഴിവാക്കാനായി നടപടിയെടുക്കുമെന്ന് കെ.എസ്.ടി.പി അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കൊല്ലം ജില്ലയിലെ പുത്തൂര്‍മുക്ക് മുതല്‍ പന്തളം വരെയും കൊടുംവളവുകള്‍ നിവര്‍ത്താതെയാണ് റോഡ് വികസനം നടത്തിയത്.

പാത നല്ലതായപ്പോള്‍ അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടം വര്‍ധിക്കുന്നതിനിടയാക്കുന്നത്. പകല്‍ സമയങ്ങളില്‍ കുറവാണെങ്കിലും രാത്രിയാണ് കൂടുന്നത്. പൊലീസ് പരിശോധന ഇല്ലാത്തത് കാരണം രാത്രിയില്‍ അമിതവേഗത്തിലാണ് വാഹനങ്ങള്‍ പോകുന്നത്. അമിതവേഗം കണ്ടെത്താന്‍ മിത്രപുരം മുതല്‍ ഏനാത്ത് വരെ മൂന്ന് കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാമറ സ്ഥാപിച്ച സ്ഥലത്ത് വാഹനമെത്തുമ്പോള്‍ വേഗം കുറച്ച് കാമറ കണ്ണില്‍നിന്നും രക്ഷപ്പെടുകയാണ് പതിവ്.

ഞെട്ടല്‍ മാറാതെ പുതുശ്ശേരിഭാഗം നിവാസികള്‍

അടൂര്‍: കിളിമാനൂര്‍ മടവൂര്‍ കളരിയില്‍ ഭഗവതീ ക്ഷേത്ര മേല്‍ശാന്തിയുടെയും കുടുംബത്തി‍െൻറയും മരണവാര്‍ത്ത ഏനാത്ത് പുതുശ്ശേരിഭാഗം നിവാസികള്‍ക്കും നൊമ്പരമായി. അപകടം നടന്നയുടനെ നാട്ടുകാര്‍ രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും രാജശേഖരന്‍ ഭട്ടതിരിയും ഭാര്യ ശോഭയും അപകടസ്ഥലത്തു തന്നെ മരിച്ചു.

കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍ ഐ.ടി കമ്പനിയില്‍ ജോലി നോക്കുന്ന ഏക മകന്‍ നിഖില്‍ രാജിനെയും കൂട്ടി പ്രമേഹത്തിന് മരുന്ന് വാങ്ങാൻ കുളനടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മടവൂരില്‍നിന്നും പുലര്‍ച്ച കുടുംബം യാത്ര തിരിക്കുകയായിരുന്നു.

അപകടത്തില്‍ ഇരുകാറുകളും തകര്‍ന്നു. ഓടിക്കൂടിയവരും ഏനാത്ത് പൊലീസും ചേര്‍ന്നാണ് വാഹനത്തില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ കാർ കോഴിക്കോടുനിന്ന് ചടയമംഗലത്തേക്ക് യാത്ര ചെയ്തവര്‍ സഞ്ചരിച്ച കാറുമായാണ് ഇടിച്ചത്. എതിർ വാഹനം ഓടിച്ചിരുന്ന അഹമ്മദിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ഏനാത്ത് പൊലീസ് കേസെടുത്തു. 

അപകടത്തിൽമരിച്ച രാ​ജ​ശേ​ഖ​ര​ന്‍ ഭ​ട്ട​തി​രി​യും കുടുംബവും സഞ്ചരിച്ച കാർ

നിഖില്‍ രാജ് ഓടിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. അഹമ്മദി‍െൻറ കാര്‍ അമിതവേഗത്തിലാണ് സഞ്ചരിച്ചിരുന്നതെന്ന് പറയുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് കൊടുംവളവില്‍ അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്.

ഡിവൈ.എസ്.പി ആര്‍. ബിനുവി‍െൻറ നേതൃത്വത്തില്‍ പൊലീസും അടൂര്‍ അഗ്നിരക്ഷ നിലയം ഓഫിസര്‍ വി. വിനോദ് കുമാറി‍െൻറ നേതൃത്വത്തിൽ അഗ്നിരക്ഷസേനയും കൊട്ടാരക്കര അഗ്നിരക്ഷ സേനയും സ്ഥലത്ത് എത്തിയിരുന്നു. വാഹനങ്ങള്‍ വശങ്ങളിലേക്ക് മാറ്റി റോഡില്‍ ചിതറിക്കിടന്ന ചില്ലുകള്‍ വെള്ളം പമ്പ് ചെയ്ത് നീക്കി റോഡ് ഗതാഗത യോഗ്യമാക്കി. 


Tags:    
News Summary - The security corridor is a bloodbath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.