അടൂർ: പന്നിശല്യം കാരണം കർഷകന് കൂലി കണ്ണുനീർ മാത്രം. വിളവെടുക്കാൻ പാകമായവയെല്ലാം ഇവ നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം പന്നിവിഴ പുതുവാക്കൽ ഏലയിൽ മുൻ നഗരസഭ ചെയർമാൻ പ്രസാദിന്റെ 25 മൂട് ഏത്തവായാണ് നശിപ്പിച്ചത്. കൂട്ടത്തോടെയെത്തുന്നവ മുഴുവൻ കൃഷിയും കുത്തിയിളക്കുകയാണ് ചെയ്യുന്നതെന്ന് പ്രസാദ് പറയുന്നു. പളളിക്കൽ, ഏറത്ത്, ഏഴംകുളം, കടമ്പനാട് പഞ്ചായത്തുകളിലും പന്നിശല്യം കൂടുതലാണ്. അടൂർ നഗരസഭ പ്രദേശത്തും കൃഷി നാശത്തെ കൂടാതെ ആക്രമണവും കൂടുതലാണ്. കഴിഞ്ഞ ദിവസം ചൂരക്കോട് കളത്തട്ടിൽ ഏറത്ത് ഗ്രാമപഞ്ചായത്ത് അംഗം അനിൽ പൂതക്കുഴിയുടെ വീടിനു പിന്നിലെ ഗ്രില്ലിനിടയിൽ പന്നി അകപ്പെട്ടിരുന്നു. കുറച്ചുസമയം കഴിഞ്ഞ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
ഇവയെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകിയ കാര്യം മറന്നമട്ടാണ് എന്നാണ് പരാതി. അല്ലെങ്കിൽ ഉത്തരവ് ഇറങ്ങിയിട്ടും നടപടി സ്വീകരിക്കാത്തത് എന്തെന്നാണ് കർഷകരുടെ ചോദ്യം. അടുത്തിടെ ചില ഗ്രാമപഞ്ചായത്തുകൾ തോക്ക് ലൈസൻസുള്ളവരെ വേണമെന്നാവശ്യപ്പെട്ട് പത്രപ്പരസ്യങ്ങൾ നൽകിയെങ്കിലും തുടർനടപടി ഒന്നുമായില്ല. ഒരു വർഷം മുമ്പ് കാട്ടുപന്നിശല്യം കാരണം പൊറുതിമുട്ടിയ ഏറത്ത് ഗ്രാമപഞ്ചായത്തിലെ ചില വാർഡുകളിൽ വനപാലകരുടെ നേതൃത്വത്തിൽ വെടിവച്ച് കൊല്ലാൻ എത്തിയിരുന്നു. എന്നാൽ പകൽ ഇവയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.