പത്തനംതിട്ട: സദാസമയം വീശിക്കൊണ്ടിരിക്കുന്ന ഇളം കാറ്റ്. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കാടും മേടും പച്ചപുതച്ച താഴ്വാരം. ചക്രവാളത്തിൽ ചായം ചാലിച്ച് മേഘങ്ങളൊരുക്കുന്ന വർണവിസ്മയം.... ചിറ്റാർ ഒന്നാം വാർഡിലെ ചതുരക്കള്ളിപ്പാറയിലെ അനുഭവങ്ങളാണിതൊക്കെ. കാനനഭംഗിയാൽ ആകർഷകമാണ് ചതുരക്കള്ളിപ്പാറ.
റവന്യൂ, വനം വകുപ്പുകളുടെ അധീനതയിൽ ഏകദേശം 30 ഹെക്ടറിൽ പരന്നുകിടക്കുന്ന അതിവിശാല പാറ. സായാഹ്നങ്ങളിൽ ധാരാളം ആളുകൾ ഇവിടെ കുടുംബസമേതം എത്തുന്നുണ്ട്. പടിഞ്ഞാറൻ ചക്രവാളങ്ങളിലേക്ക് സൂര്യൻ മറയുന്ന കാഴ്ചകൾ കാണാനാണ് വൈകുന്നേരങ്ങളിൽ ആളുകൾ എത്തുന്നത്.
ഐതിഹ്യപ്പെരുമയുള്ള താഴുപൂട്ട് കാനനഗുഹ ഇവിടെയാണ്. ഗുഹയും കൗതുകക്കാഴ്ചയുടെ ഇടമാണ്. പാറയുടെ അടിവാരത്ത് വടക്കുഭാഗത്തായാണ് രണ്ട് ഗുഹ സ്ഥിതിചെയ്യുന്നത്. ഗുഹക്കകത്ത് പ്രവേശിച്ചാൽ വിശാലമായ പാറയുടെ ഉൾവശങ്ങൾ കാണാം.
കുറച്ചുദൂരം ഗുഹയിൽ കൂടി സഞ്ചരിച്ചാൽ പല അറകളായി ഗുഹ തിരിയും. ശിലായുഗ ചരിത്രശേഷിപ്പുകളും പേറി സ്ഥിതി ചെയ്യുന്ന താഴുപൂട്ട് ഗുഹ കാണാൻ വിദ്യാർഥികളും പുരാവസ്തു ഗവേഷകരും വിനോദ സഞ്ചാരികളും ഉൾപ്പെടെ നിരവധിയാളുകൾ എത്തുന്നു. പാറയുടെ നെറുകയിൽ വരെ വാഹനത്തിൽ പോകാനാകുമെന്ന പ്രത്യേകതയുമുണ്ട്. അതിനാൽ മലകയറാൻ പ്രയാസമുള്ളവർക്കും പാറമുകളിൽനിന്ന് കാഴ്ചകൾ കാണാം.
ആദ്യഗുഹക്ക് പുറമെ നിന്നുനോക്കിയാൽ വലിയ വ്യാസം തോന്നില്ല. ഇവിടെ കട്ടിൽ പോലെ മനുഷ്യന് കിടക്കാൻ പാകത്തിൽ ശിലകൊണ്ടുള്ള കിടക്ക കാണാൻ കഴിയും. രാജഭരണകാലത്ത് വനത്തിൽ മൃഗയാ വിനോദത്തിനെത്തിയിരുന്ന രാജാവും പരിവാരങ്ങും ഈ ഗുഹയിൽ വിശ്രമിച്ചിരുന്നതായി പറയപ്പെടുന്നു.
രണ്ടാമത്തെ ഗുഹ വലുപ്പമേറിയതാണ്. ഒരാൾക്ക് നിവർന്നുനടന്ന് ഗുഹയിലേക്ക് പ്രവേശിക്കാം. ഉള്ളിലേക്കു ചെല്ലുന്തോറും വിസ്താരം കുറഞ്ഞുവരും. അടുത്ത സമയം വരെ സതീശൻ എന്ന നാട്ടുകാരൻ ഈ ഗുഹയിലാണ് താമസിച്ചിരുന്നത്. ചതുരക്കള്ളിപ്പാറ ഉൾപ്പെടുത്തി ചിറ്റാർ-കാരികയം ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടെ ടൂറിസം പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിന് സർക്കാർ അംഗീകാരം ആയിട്ടുണ്ട്. വനം വകുപ്പിെൻറ നേതൃത്വത്തിലാണ് ഇക്കോ ടൂറിസം നടപ്പാക്കുന്നത്.
വടശ്ശേരിക്കര -മണിയാർ റോഡിലൂടെ സഞ്ചരിച്ച് ചിറ്റാർ പൊലീസ് സ്റ്റേഷനു സമീപത്തുനിന്ന് ഇടത്തേക്ക് തിരിഞ്ഞു മുക്കാൽ കിലോമീറ്റർ ദൂരം ചെറിയ കയറ്റം കയറി ചെന്നാൽ ചതുരക്കള്ളിപ്പാറയിൽ എത്തിച്ചേരാം.
പത്തനംതിട്ട ഭാഗത്തുനിന്ന് 28 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഏകദേശം ഒരു മണിക്കൂർകൊണ്ട് ഇവിടെ എത്താനാകും. കോന്നി -തണ്ണിത്തോട് വഴി ചിറ്റാറിൽ എത്തി മൂന്നു കിലോ മീറ്റർ സഞ്ചരിച്ചും ഇവിടെ എത്താം.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന തീർഥാടകർക്ക് ആങ്ങമൂഴിവഴി ചിറ്റാറിലും പുതുക്കട-മണക്കയം വഴിയും ഇവിടെ എത്താൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.