പത്തനംതിട്ട: ഓമല്ലൂർ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയിലും സമീപത്തെ സി.എം.എസ് എൽ.പി സ്കൂളിലും മോഷണം. കാണിക്കവഞ്ചിയിൽനിന്ന് 10,000 രൂപയോളം അപഹരിച്ചു. പള്ളിയിൽനിന്ന് രണ്ടു കുപ്പി വൈൻ എടുത്ത മോഷ്ടാക്കൾ അതിൽ ഒന്നരക്കുപ്പിയോളം അകത്താക്കി.
സ്കൂളിന്റെ ഓഫിസ് മുറി കുത്തിത്തുറന്ന് ലാപ്ടോപ്പും മോഷ്ടിച്ചു. ചെക്ക് ബുക്ക്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ പരിസരത്ത് വലിച്ചെറിഞ്ഞു.
ഞായറാഴ്ച രാവിലെ ആരാധനക്ക് പള്ളിയിൽ എത്തിയവരാണ് മോഷണം വിവരം അറിഞ്ഞത്. പത്തനംതിട്ട പൊലീസെത്തി ശാസ്ത്രീയ പരിശോധന നടത്താൻ പള്ളി അടച്ചു. തുടർന്ന് പള്ളിയുടെ നിയന്ത്രണത്തിലുള്ള സി.എം.എസ് എൽ.പി.എസിലാണ് ആരാധനയും ചടങ്ങുകളും നടന്നത്.
അവിടേക്ക് എത്തിയ വിശ്വാസികൾതന്നെയാണ് സ്കൂൾ ഓഫിസ് മുറി കുത്തിത്തുറന്ന വിവരം ശ്രദ്ധിച്ചത്. സ്കൂളിലെ അധ്യാപിക ഷേർലി വി. മാത്യു സ്ഥലത്ത് വന്ന് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ് മോഷണം പോയ വിവരം അറിയുന്നത്.
അലമാര പൂട്ടി താക്കോൽ സമീപ മേശയുടെ ഡ്രോയിലാണ് സൂക്ഷിച്ചിരുന്നത്. കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്ന സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയും കുത്തിത്തുറന്നു. ഓഫിസ് മുറിയിലെ പ്രൊജക്ടർ മോഷ്ടാക്കളുടെ ശ്രദ്ധയിൽപെട്ടില്ല. പള്ളിയുടെ പൂട്ട് തകർത്ത് സമീപത്തെ തെങ്ങിന്റെ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു.
സംഘമായി എത്തിയാണ് മോഷണം നടത്തിയതെന്ന് കരുതുന്നു. ഇവർ പാർസൽ വാങ്ങി ഇവിടെ കൊണ്ടുവന്നു കഴിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. കാണിക്കവഞ്ചി കുത്തിത്തുറന്ന് 10,000 രൂപയോളം അപഹരിച്ചുവെന്ന് ഇടവക വികാരി ഫാ. ഷിജോമോൻ ഐസക് പറഞ്ഞു.
ഹാർഡ്സോ ബ്ലേഡ് ഉപയോഗിച്ച് പള്ളിയുടെ കവാടത്തിലെ ഗ്രില്ലിന്റെ പൂട്ടു തകർത്ത ശേഷം അകത്ത് കടന്ന മോഷ്ടാക്കൾ കവാടത്തിലെ പൂട്ട് കുത്തിപ്പൊളിച്ചു.
തുടർന്ന് പള്ളിയിൽനിന്ന് കാണിക്കവഞ്ചി പുറത്ത് കൊണ്ടുവെച്ച് പൂട്ട് തകർത്ത് പണം കവരുകയായിരുന്നു. വിരലടയാള വിദഗ്ധരും പൊലീസ് നായും സ്ഥലത്ത് വന്ന് തെളിവുകൾ ശേഖരിച്ചു. മണം പിടിച്ച് ഓടിയ നായ് സമീപത്തെ
റബർ തോട്ടം വഴി പ്രധാന റോഡിലെത്തിയാണ് നിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.