കോന്നി: വനമേഖലയോട് ചേർന്ന തേക്കുതോട് പൂച്ചക്കുളം ജനവാസ മേഖലയിൽ മ്ലാവിനെ പന്നിപ്പടക്കം ഉപയോഗിച്ച് കൊന്ന സംഭവത്തിൽ ഒരാൾകൂടി കീഴടങ്ങി. തേക്കുതോട് താഴെ പൂച്ചക്കുളം ചരിവ് പുരയിടത്തിൽ സന്ദീപാണ് (36) വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ കീഴടങ്ങിയത്. മറ്റൊരു പ്രതിയായ പൂച്ചക്കുളം കോയിക്കലേത്ത് മലയിൽ അജി കഴിഞ്ഞയാഴ്ച പത്തനംതിട്ട കോടതിയിൽ കീഴടങ്ങിയിരുന്നു.
കേസിൽ നീലിപിലാവ് കോയിക്കലേത്ത് വീട്ടിൽ അംബുജാക്ഷൻ (50), ചിറ്റാർ തെക്കേക്കര പുളിമൂട്ടിൽ രാജൻ (62) എന്നിവരാണ് ആദ്യം പിടിയിലാകുന്നത്. ഒന്നാംപ്രതിയായ പൂച്ചക്കുളം സ്വദേശി സുനിൽകുമാർ ഇപ്പോഴും ഒളിവിലാണെന്ന് വനപാലകർ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് മലയാലപ്പുഴ, തണ്ണിത്തോട് എന്നിവടങ്ങളിലെ പ്രതികളുടെ ബന്ധു വീടുകളിൽനിന്ന് കാർ, ഓട്ടോ എന്നിവ വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
ഇവർ പലതവണ വന്യജീവികളെ വേട്ടയാടി കൊന്ന് മാംസ വിതരണം നടത്തിയതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇവർ കൊന്ന മ്ലാവിന്റെ ജഡാവശിഷ്ടങ്ങളും വനപാലകർ കണ്ടെത്തിയിരുന്നു. വടശ്ശേരിക്കര റേഞ്ച് ഓഫിസർ കെ.വി. രതീഷ്, ഓഫിസർമാരായ ജയകുമാർ, മനോജ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.