ഏ​നാ​ദി​മം​ഗ​ലം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം

'ഐ.സി.യു'വിലാണ് ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം

അടൂർ: 'തീവ്രപരിചരണ ചികിത്സ' വേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിന്. കോന്നി നിയമസഭ നിയോജകമണ്ഡലത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ചുമതലയിലാണ് ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കായംകുളം-പത്തനാപുരം സംസ്ഥാനപാതയുടെ ഓരത്ത് അടൂര്‍ ജനറല്‍ ആശുപത്രിക്കും കൊല്ലം ജില്ലയിലെ പത്തനാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിനുമിടക്ക് 18 കിലോമീറ്ററിനിടയിലെ ഏക സര്‍ക്കാര്‍ ആതുരാലയമാണിത്.

ഇതിനിടയില്‍ വൈകീട്ട് അഞ്ച് കഴിഞ്ഞാല്‍ വാഹനാപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലുംപെടുന്നവരെ കിലോമീറ്ററുകള്‍ താണ്ടി അടൂരിലോ പത്തനാപുരത്തോ എത്തിക്കണം. കൂടല്‍, ചന്ദനപ്പള്ളി, ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളും അടൂര്‍ ജനറല്‍ ആശുപത്രിയും 10 ഉപകേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും ഏനാദിമംഗലം സാമൂഹികാരോഗ്യ പരിധിയിലാണ്. ആകെ 65 ജീവനക്കാര്‍ എല്ലാ വിഭാഗങ്ങളിലുമായുണ്ട്. പഴയ കെട്ടിടങ്ങള്‍ ശോച്യാവസ്ഥയിലാണ്. ശുചിമുറികള്‍ ഉപയോഗയോഗ്യമല്ല.

പഴയ ക്വാർട്ടേഴ്‌സുകൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കിയെങ്കിലും വനിത ഹെൽത്ത് സൂപ്പർവൈസറുടെ ക്വാർട്ടേഴ്‌സ് ചോർന്നൊലിക്കുന്ന നിലയിലാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ആകെ 12 കിടക്കകളോടെയുള്ള കിടത്തിച്ചികിത്സ വിഭാഗമുണ്ടെങ്കിലും രാത്രി ഡോക്ടർ ഇല്ലാത്തതിനാൽ അത്യാഹിത വിഭാഗംപോലും പ്രവർത്തിക്കുന്നില്ല.

തുടർച്ചയായി കുത്തിവെപ്പ് ആവശ്യമായ ഒന്നോ രണ്ടോ രോഗികൾ മാത്രമാണ് കിടത്തിച്ചികിത്സ വിഭാഗത്തിൽ കാണാറ്. അഡ്മിറ്റാകുന്ന രോഗികൾ സ്വന്തം ഇഷ്ടപ്രകാരം പോകുകയാണെന്ന് എഴുതിവെച്ച് വീട്ടിൽ പോയി രാവിലെ കുത്തിവെപ്പു സമയത്തിന് വരുകയാണ് ചെയ്യാറ്. ഭക്ഷണത്തിന്റെയും മറ്റും അപര്യാപ്തതയാണ് ഡോക്ടർമാരും രോഗികളും ഇവിടെ രാത്രി തങ്ങാൻ ഇഷ്ടപ്പെടാത്തതെന്ന് പറയുന്നു.

മെഡിക്കൽ ഓഫിസർ ഉൾപ്പെടെ ഏഴ് ഡോക്ടർമാരുണ്ട്. സർജൻ അവധിയിലാണ്. അസ്ഥിരോഗ ചികിത്സ വിദഗ്ധനും ഫിസിഷ്യനും ഉണ്ട്. മറ്റുള്ളവർ അസിസ്റ്റന്റ് സർജൻമാരാണ്. മെഡിക്കൽ ഓഫിസർ സിവിൽ സർജനായതിനാൽ ഒ.പിയിൽ രോഗികളെ പരിശോധിക്കില്ല. ഇവർ കോട്ടയം ജില്ലക്കാരിയാണ്.

ഒ.പി സമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറു വരെ കോവിഡ്ബാധക്കു മുമ്പ് ദീർഘിപ്പിച്ചെങ്കിലും പിന്നീട് മുടങ്ങിയിരുന്നു. ഒരാഴ്ച മുമ്പ് വൈകീട്ട് അഞ്ചു വരെയാക്കി ഒ.പി.എന്നാൽ, ഇതേക്കുറിച്ച് അധികമാർക്കും അറിയില്ല. ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകാത്തത് നേരത്തേ സ്ഥലംവിടാം എന്ന ഉദ്ദേശ്യത്തിലാണെന്ന് ആരോപണമുണ്ട്.വൈകീട്ട് ആറുവരെയാണ് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ ഒ.പി. ശനിയും ഞായറും അവധി ദിവസങ്ങളിലും ഉച്ചവരെയേ ഡോക്ടർ ഉണ്ടാകൂ.

Tags:    
News Summary - Enadimangalam Social Health Center is in 'ICU'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.