കുളനട: സ്വാതന്ത്ര്യസമര ചരിത്രത്തിലും വൈക്കം സത്യഗ്രഹത്തിലും തിളങ്ങുന്ന അധ്യായം എഴുതിച്ചേർത്ത കുളനട ഉള്ളന്നൂർ കുറ്റിയിൽ പീടികയിൽ എം.മാത്തുണ്ണി എന്ന ഭജേ ഭാരതം മാത്തുണ്ണിയെ ജന്മനാടുപോലും വിസ്മരിക്കുന്നു. ഉള്ളന്നൂർ സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിലെ കല്ലറയിലെ മാത്തുണ്ണിയുടെ പേരുകൊത്തിയ ഫലകം മാത്രമാണ് ഏക സ്മാരകം. ഉള്ളന്നൂരിലെ സാമാന്യം സമ്പന്ന കുടുംബത്തിൽ ജനിച്ച മാത്തുണ്ണി ബഹുമുഖ പ്രതിഭയായിരുന്നു. അദ്ദേഹം ആരംഭിച്ച ‘ഭജേ ഭാരതം’ പത്രം സ്വാതന്ത്ര്യദാഹികളായ യുവാക്കളുടെ സിരകളിലോടിയ ആവേശമായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തെ വിമർശിച്ചും ദിവാന്റെ ഉറക്കം കെടുത്തിയും ജനങ്ങളിലേക്ക് സ്വാതന്ത്ര്യത്തിന്റെ തിരയിളക്കിയുമാണ് ഈ പത്രം കടന്നുചെന്നത്.
ഉള്ളന്നൂരിലാണ് ജനിച്ചതെങ്കിലും ചെങ്ങന്നൂരായിരുന്നു പ്രവർത്തന കേന്ദ്രം. ചെങ്ങന്നൂരിലെ പഴയ മിൽസ് മൈതാന(ഇപ്പോഴത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ)ത്തായിരുന്നു ഭജേ ഭാരതം പ്രസ്. തിരുവിതാംകൂറിൽ ഒരു യോഗത്തിലും പ്രസംഗിക്കാൻ പാടില്ല എന്ന് ഭരണകൂടം വിലക്കിയതിനെ തുടർന്നാണ് ‘ഭജേ ഭാരതം’ പിറവിയെടുത്തത്.
തിരുവിതാംകൂറിലെ ആദ്യകാല കോൺഗ്രസ് നേതാക്കളായ ബാരിസ്റ്റർ ജോർജ് ജോസഫ്, ചിറ്റേടത്ത് ശങ്കുപ്പിള്ള, എം.ആർ. മാധവ വാര്യർ, ചങ്ങരത്ത് സഹോദരന്മാർ തുടങ്ങി അക്കാലത്തെ പൊതുപ്രവർത്തകരുടെ പ്രവർത്തനകേന്ദ്രമായിരുന്നു ‘ഭജേ ഭാരത’ത്തിന്റെ അച്ചടിശാല. പത്രാധിപരും മാനേജരും ജീവനക്കാരനുമെല്ലാം മാത്തുണ്ണിയായിരുന്നു. പിന്നീട് മഹാകവി പുത്തൻകാവ് മാത്തൻ തരകൻ, പ്രശസ്ത നോവലിസ്റ്റ് പി.കേശവദേവ് തുടങ്ങിയവർ ഭജേ ഭാരതത്തിന്റെ സഹപത്രാധിപന്മാരായി പ്രവർത്തിച്ചു. കേശവദേവിന്റെ കുറിക്കുകൊള്ളുന്ന മുഖപ്രസംഗങ്ങൾ ഭരണകൂടത്തിനു തലവേദനയുണ്ടാക്കിക്കൊണ്ടിരുന്നു.
പൊറുതിമുട്ടിയ ഭരണകൂടം ഭജേ ഭാരതം നിരോധിച്ച് പ്രസ് കണ്ടുകെട്ടി. ദീർഘകാലം ജയിലിൽ കഴിഞ്ഞശേഷം പുറത്തിറങ്ങുമ്പോഴേക്കും സർവവും നഷ്ടപ്പെട്ടിരുന്നു. 40 വയസ്സ് തികയും മുമ്പ് ഓർമിക്കാൻ ഒരു ചിത്രംപോലും ബാക്കിവെക്കാതെ അദ്ദേഹം 1935ൽ വിടവാങ്ങി.
തിരുവിതാംകൂർ പ്രദേശത്ത് വൈക്കം സത്യഗ്രഹത്തെക്കുറിച്ച് പ്രചാരണം നടത്താൻ തെരഞ്ഞെടുക്കപ്പെട്ട സമിതിയിലെ ക്രിസ്ത്യാനികളിൽ പ്രമുഖനായിരുന്നു മാത്തുണ്ണി.
അഡ്വ. പി.കെ. ഹരികുമാറിന്റെ ‘വൈക്കം സത്യഗ്രഹ രേഖകൾ’ എന്ന പുസ്തകത്തിലും മാത്തുണ്ണിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. 1922ൽ ചെങ്ങന്നൂരിൽ നടന്ന കോൺഗ്രസിന്റെ അഖില തിരുവിതാംകൂർ സമ്മേളനത്തിന്റെയും ഗാന്ധിജിയുടെ ചെങ്ങന്നൂർ സന്ദർശനത്തിന്റെയും സംഘാടകരിൽ പ്രധാനിയായിരുന്നു മാത്തുണ്ണി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.