മണ്ണ് കടത്താൻ സുഗമ മാർഗം ഒരുക്കി ജിയോളജി വകുപ്പ്

അടൂർ: മണ്ണുമാഫിയക്ക് സുഗമമായി മണ്ണ് കടത്തുന്നതിന് വഴിയൊരുക്കുന്ന പരിഷ്കാരവുമായി ജിയോളജി വകുപ്പ്. മണ്ണ് കൊണ്ടുപോകുന്നതിന് പാസ് അനുവദിക്കുന്ന അളവിൽ മാറ്റം വരുത്തുന്നതാണ് പുതിയ പരിഷ്കാരം.വസ്തുവിൽനിന്ന് പച്ചമണ്ണ് എടുക്കുന്നതിന് ജിയോളജി വകുപ്പ് പാസ് നൽകുന്നത് ലോഡുകണക്കിന് എന്നത് മാറ്റി ക്യുബിക് മീറ്ററാക്കി.

ഇതാണ് യഥേഷ്ടം മണ്ണ് കടത്താൻ കൂടുതൽ വഴിതെളിക്കുന്നത്. അതിനാൽ അനുവദിച്ച അളവിൽ കൂടുതൽ മണ്ണ് കടത്തുന്നതായി പരാതി വന്നാൽ പൊലീസ്, റവന്യൂ വിഭാഗങ്ങൾക്ക് പ്രാഥമിക പരിശോധന നടത്തി നിയമലംഘനം കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. അനധികൃത മണ്ണെടുപ്പ് ഉണ്ടായാൽ ജനങ്ങൾ ആദ്യം പൊലീസിനെയാണ് അറിയിക്കുന്നത്.

അവർ വന്ന് മണ്ണ് കൊണ്ടുപോകുന്ന ലോറിയുടെ പാസി‍െൻറ എണ്ണം പരിശോധിക്കുകയായിരുന്നു ചെയ്യുന്നത്. ഇതാണ് ക്യുബിക് മീറ്റർ അളവിൽ ആയത്. നിയമലംഘനം കണ്ടെത്തണമെങ്കിൽ ഓരോ ലോഡും അളന്ന് തിട്ടപ്പെടുത്തണം. ഈവിധത്തിലായതിനാൽ നടപടി സ്വീകരിക്കാൻ മറ്റ് വകുപ്പുകൾക്ക് കഴിയാത്ത സ്ഥിതിയാണ്. അനുവദിച്ചതിലും കൂടുതൽ താഴ്ചയിലും പരപ്പിലും മണ്ണെടുത്ത് മാറ്റാൻ കഴിയും.

ഇത് ജിയോളജി വകുപ്പിന് മാത്രമേ കണ്ടെത്താൻ കഴിയൂ. നിയമലംഘനം കണ്ടുപിടിക്കാനാവാത്ത വിധം പൊലീസിനെ വട്ടം കറക്കി പാസ് നൽകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. മണ്ണെടുക്കുന്നതിന് നേരത്തേ രണ്ടും മൂന്നും ദിവസം ആണ് അനുവദിച്ചിരുന്നതെങ്കിൽ ഇപ്പോൾ എട്ടും ഒമ്പതും ദിവസമാണ് അനുവദിക്കുന്നത്.

അതിനാൽ കൂടുതൽ സ്ഥലത്തെ മണ്ണെടുത്ത് കൊണ്ടുപോകാൻ മണ്ണുമാഫിയക്ക് കഴിയുന്നു. മണ്ണെടുക്കാൻ പഞ്ചായത്തിൽ അപേക്ഷ നൽകിയാൽ ഓവർസിയർ സ്ഥലത്തെത്തി പരിശോധിച്ച് റിപ്പോർട്ട് സെക്രട്ടറിക്ക് നൽകുകയും സെക്രട്ടറി ഓവർസിയറുടെ റിപ്പോർട്ടി‍െൻറ അടിസ്ഥാനത്തിൽ എൻ.ഒ.സി നൽകുകയുമാണ് ചെയ്യുന്നത്. എന്നാൽ, കാര്യമായ സ്ഥലപരിശോധന നടത്താറില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.

Tags:    
News Summary - Geology department has prepared a smooth way to transport soil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.