പത്തനംതിട്ട: ഭരണം പിടിച്ച പന്തളം നഗരസഭ ഉൾപ്പെടുന്ന അടൂരിൽ പ്രതീക്ഷ അർപ്പിച്ച് ബി.ജെ.പി മുന്നൊരുക്കം തുടങ്ങി. പാർട്ടിക്ക് വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് സംവരണ മണ്ഡലമായ അടൂർ. ഇവിടെ പന്തളം നഗരസഭയുടെ അധ്യക്ഷ സുശീല സന്തോഷിനെ രംഗത്തിറക്കാനാണ് ആലോചന. ഈ ലക്ഷ്യത്തോടെതന്നെയാണ് സുശീല സന്തോഷിനെ ഹ്രസ്വകാലത്തേക്കാണെങ്കിലും നഗരസഭയുടെ അധ്യക്ഷയാക്കിയതെന്നാണ് വിവരം.
നഗരസഭ ചെയർപേഴ്സൻ എന്നതിനപ്പുറം മണ്ഡലത്തിെൻറ പല ഭാഗത്തും പരിപാടികളിൽ പങ്കെടുത്ത് ഇവർ സജീവമാണ്. പന്തളം കൂടാതെ അടൂർ നഗരസഭയും ആറ് പഞ്ചായത്തും ഉൾപ്പെടുന്നതാണ് അടൂർ നിയമസഭ മണ്ഡലം. തിരുവഞ്ചൂർ രാധാകൃഷ്ണൻ ദീർഘകാലം എം.എൽ.എ ആയിരുന്ന, യു.ഡി.എഫ് മണ്ഡലമായി അറിയപ്പെട്ടിരുന്ന അടൂരിനെ ഇപ്പോൾ പ്രതിനിധാനംെചയ്യുന്നത് സി.പി.ഐയുടെ ചിറ്റയം ഗോപകുമാറാണ്.ബി.ജെ.പിയുടെ പ്രതീക്ഷകളെ മറികടന്ന വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളത്ത് ഉണ്ടായത്. ശബരിമല വിഷയത്തിലെ സമരങ്ങളുടെ ആസൂത്രണ കേന്ദ്രമായിരുന്ന പന്തളത്തെ വിജയം സംഘ്പരിവാറിന് വലിയ ആത്മവിശ്വാസവും നൽകി.
എന്നാൽ, കോൺഗ്രസിലെ അനൈക്യവും സി.പി.എമ്മിെൻറ സംഘടനദൗർബല്യവുമാണ് ബി.ജെ.പിക്ക് ഇവിടെ വിജയം സമ്മാനിച്ചതെന്നാണ് പിന്നീട് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഓർത്തഡോക്സ് സഭയിലെ ഒരുവിഭാഗത്തിെൻറ പിന്തുണ ബി.ജെ.പിക്ക് ലഭിച്ചിരുന്നു. സുശീല സന്തോഷിനെ അടൂരിൽ സ്ഥാനാർഥിയാക്കിയാൽ പകരം ഈ വിഭാഗത്തിൽനിന്ന് ഒരാളെ ചെയർമാൻ സ്ഥാനത്ത് അവരോധിക്കാനും ബി.ജെ.പി തയാറായേക്കും.
അടൂരിൽ ചിറ്റയം ഗോപകുമാർ രണ്ടാം ടേം ആണ്. രണ്ടുവട്ടം ജയിച്ചവരെ ഒഴിവാക്കാൻ തീരുമാനിച്ചാൽ മുൻ എം.പി ചെങ്ങറ സുരേന്ദ്രനോ മുൻ അടൂർ നഗരസഭ ചെയർമാൻ ബാബു ദിവാകരനോ നറുക്കുവീഴും. മത്സരം കടുക്കുന്ന സാഹചര്യത്തിൽ ചിറ്റയത്തിന് ഒരു അവസരംകൂടി നൽകാനാണ് കൂടുതൽ സാധ്യത. യുവപ്രാതിനിധ്യംകൂടി കണക്കിലെടുത്ത് യു.ഡി.എഫ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണനെ അടൂരിലേക്ക് നിയോഗിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.