കോഴഞ്ചേരി: ജോലിക്കിടെ ലഭിക്കുന്ന പാഴ്വസ്തുക്കളിൽനിന്ന് കരകൗശല ഉൽപന്നങ്ങളുണ്ടാക്കി മാതൃകയാവുകയാണ് ഇരവിപേരൂർ പഞ്ചായത്ത് നാലാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ അശ്വതിയും എബിയയും. പാഴ്വസ്തുക്കളിൽ ഒളിഞ്ഞിരിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ആശയങ്ങൾ കണ്ടെടുത്താണ് ഇവരുടെ പരീക്ഷണങ്ങൾ. ഒപ്പം മാലിന്യത്തിന്റെ തോത് കുറയ്ക്കാനു ള്ള മാതൃകയും. സഹോദര ഭാര്യമാരാണ് ഇരുവരും.
പത്ത് വർഷത്തിലേറെയായി കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നുണ്ട് അശ്വതി പി.മോനി. ഉപയോഗശൂന്യമായ കുപ്പികൾ ഉപയോഗിച്ച് വർണാഭമായ ഉൽപന്നങ്ങൾ നിർ മിക്കുന്നതിലാണ് അശ്വതിക്ക് താൽപര്യം. ബോട്ടിൽ ആർട്ടിന് നല്ല പ്രചാരമുള്ളതിനാൽ ആളുകൾ സമ്മാനമായി നൽകാൻ ഇവ തിരഞ്ഞെടുക്കാറുണ്ടെന്ന് അശ്വതി പറയുന്നു.
ഇരവിപേരൂർ പഞ്ചായത്ത് നാലാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ അശ്വതിയും എബിയയും
ആദ്യമൊക്കെ വഴിയരികിൽ ആളുകൾ വലിച്ചെറിഞ്ഞ കുപ്പികൾ ശേഖരിച്ച് വൃത്തിയാക്കിയാണ് ബോട്ടിൽ ആർട്ട് ചെയ്തിരുന്നത്. ഒന്നര വർഷമായി ഇരവിപേരൂർ നാലാം വാർഡിലെ ഹരിതകർമ സേനാംഗമാണ്. ജോലിക്കിടെ കിട്ടുന്ന കുപ്പികളാണ് ഇപ്പോൾ കൂടുതലായും ഉപയോഗിക്കുന്നത്. ഇത്തരം കുപ്പികൾ വിൽക്കുക വഴി അധികവരുമാനം നേടാനും സാധിക്കുന്നുണ്ടെന്ന് അശ്വതി പറയുന്നു.
ഒരുവർഷമായി ഇരവിപേരൂർ പഞ്ചായത്ത് നാലാം വാർഡിലെ ഹരിതകർമ സേനാംഗമായി പ്രവർത്തിക്കുകയാണ് എബിയ മോൾ സണ്ണി. ഹരിത കർമസേനയുടെ നേതൃത്വത്തിൽ വീടുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യത്തിൽനിന്ന് യോഗ്യമായവ കണ്ടെത്തി അവ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിക്കുകയാണ് എബിയ. പിസ്താ ഷെൽ, പുനരൂപയോഗയോഗ്യമായ പ്ലാസിക്, കുപ്പികൾ, പ്ലാസ്റ്റിക് നെറ്റുകൾ, കവറുകൾ തുടങ്ങിയവ കൊണ്ടാണ് ഉൽപന്നങ്ങൾ നിർമിക്കുന്നത്. ചവിട്ടി, ഫ്ലവർ കേസ്, ഡ്രീം കാച്ചർ, മറ്റ് ഹാങ്ങിങ് ഐറ്റംസ്, അലങ്കാര വസ്തുക്കൾ എന്നിവയാണ് ഇരുവരും നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.