കോന്നി: ശരവേഗത്തിൽ 108 ആംബുലൻസ് അര മണിക്കൂർ കൊണ്ട് കൊക്കാത്തോട് കാട്ടാത്തി ആദിവാസി കോളനിയിലെത്തി കലശലായ പ്രസവവേദനയിൽ പുളയുന്ന ബീനയെ ഡ്രൈവർ അരുണും നഴ്സായ ധന്യയും ചേർന്ന് 108 ആംബുലൻസിലേക്ക് മാറ്റി. പിന്നീട് രോഗിയുടെ ശാരീരികസ്ഥിതി നോക്കി വാഹനം പതുകെ പോകവേ വേദന കലശലായതോടെ ഡ്രൈവർ അരുൺ വാഹനം സൊസൈറ്റി ഭാഗത്തേക്ക് ഒതുക്കി.
പിന്നീട് എല്ലാം ധന്യയുടെ കൈകളിലായി. കൊക്കാത്തോട് കാട്ടാത്തി ഗിരിജൻ കോളനിയിലെ ആദിവാസി യുവതിയായ ബീന (23)ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകി. കൊക്കാത്തോട് കാട്ടാത്തി ഗിരിജൻ കോളനിയിൽ താമസക്കാരായ സനോജിന്റെ ഭാര്യയാണ് ബീന.
ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് കോന്നി മെഡിക്കൽ കോളേജിലെ ആംബുലൻസ് ജീവനക്കാരെ കൊക്കത്തോട് എസ്.റ്റി പ്രമോട്ടർ വിവരം ധരിപ്പിച്ചത്. തുടർന്ന് അരമണിക്കൂറിനുള്ളിൽ ഇവർ കൊക്കത്തോട് ഗിരിജൻ കോളനിയിൽ എത്തുകയും ഗർഭിണിയായ യുവതിയെ കയറ്റി കോന്നിയിലേക്ക് വരികയുമായിരുന്നു. എന്നാൽ യുവതിയുടെ നില വഷളായതിനാൽ വളരെ പതുക്കെ ആണ് ആംബുലൻസ് നീങ്ങിയത്.
അരുവാപ്പുലം സൊസൈറ്റി പടിക്കൽ വെച്ച് യുവതിക്ക് പ്രസവ വേദന കലശലാവുകയും തുടർന്ന് വാഹനത്തിൽ മുന്നോട്ട് പോകാൻ കഴിയാതെ വരികയും ആയതോടെ 1.34 ഓടെ റോഡരുകിൽ ആംബുലൻസ് ഡ്രൈവർ അരുൺ വാഹനം മാറ്റി പാർക്ക് ചെയ്യുകയായിരുന്നു.
ആംബുലൻസിൽ ഉണ്ടായിരുന്ന സീനിയർ നഴ്സ് ധന്യ ഡെലിവറി കിറ്റ് ഉപയോഗിച്ചാണ് പ്രസവം പൂർത്തിയാക്കിയത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ പുക്കിൾകൊടി വിച്ചേദിക്കുകയും ചെയ്തു. തുടർന്ന് അമ്മയെയും കുഞ്ഞിനെയുമായി കോന്നിയിലേക്കുള്ള യാത്രയിൽ ഗതാഗത കുരുക്ക് ഉണ്ടാവാതിരിക്കാൻ കോന്നി പൊലീസിന്റെ സഹായവും തേടി.
ഇവർ എലിയറക്കലിൽ എത്തുമ്പോഴേക്കും കോന്നിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ട നടപടികൾ പൊലീസ് സ്വീകരിച്ചിരുന്നു. കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം തുടർചികിത്സക്കായി അമ്മയെയും കുഞ്ഞിനെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.