കോന്നി: കോന്നി മെഡിക്കൽ കോളജിൽ ആംബുലൻസ് സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സേവനം 24 മണിക്കൂറാക്കി അതിനായി സ്ഥിരം ജീവനക്കാരെ നിയമിച്ചെങ്കിലും ജീവനക്കാരുടെ നിസ്സഹകരണം മൂലം സർവിസ് നടത്തുന്നില്ല. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നാണ് മെഡിക്കൽ കോളജിന് ആംബുലൻസ് അനുവദിച്ചത്. കോവിഡ് സമയത്താണ് ആംബുലൻസ് ഇവിടേക്ക് എത്തിക്കുന്നത്.
ആദ്യകാലത്ത് തൽക്കാലിക ജീവനക്കാരായിരുന്നു ആംബുലൻസ് ഓടിച്ചിരുന്നത്. എന്നാൽ, പി.എസ്.സി വഴി നിയമനം ലഭിച്ച ജീവനക്കാരാണ് നിലവിൽ ആംബുലൻസ് ഓടിക്കുന്നത്. ജീവനക്കാർ ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും ആംബുലൻസ് സർവിസ് നടത്തുന്നില്ലെന്നാണ് ആക്ഷേപം. മാത്രമല്ല കുറച്ചു കാലങ്ങളായി മെഡിക്കൽ കോളജിന് അടിയിലെ പാർക്കിങ് ഗ്രൗണ്ടിൽ കയറ്റിയിട്ട നിലയിലായിരുന്നു ഈ ആംബുലൻസ്. മെഡിക്കൽ കോളജ് ആംബുലൻസ് സർവിസ് നടത്താതെ വന്നതോടെ 108 ആംബുലൻസിനെയാണ് ഇപ്പോൾ സാധാരണക്കാർ ആശ്രയിക്കുന്നത്.
രാത്രിയിൽ എട്ട് കഴിഞ്ഞാൽ 108 ആംബുലൻസ് സർവിസ് നടത്താത്തതുമൂലം സ്വകാര്യ ആംബുലൻസുകളെ ജനങ്ങൾക്ക് ആശ്രയിക്കേണ്ടി വരുന്നുണ്ട്. സ്വകാര്യ ആംബുലൻസുകൾക്ക് വലിയ തുക നൽകേണ്ടി വരുന്നത് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നില്ല.
സംസ്ഥാന പാതയുടെ നിർമാണത്തിന് ശേഷം നിരവധി വാഹനാപകടങ്ങൾ ഉൾപ്പെടെ കോന്നിയിൽ നടക്കുന്നതിനാൽ അപകടത്തിൽപെടുന്നവരെ മറ്റ് ആശുപത്രിയിൽ കൊണ്ടുപോകാൻ മെഡിക്കൽ കോളജ് ആംബുലൻസ് പ്രയോജനപ്പെടുത്താം എന്നിരിക്കെയാണ് ജീവനക്കാരുടെ അനാസ്ഥകൊണ്ട് ആംബുലൻസ് സർവിസ് നടത്താൻ കഴിയാതെ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.