കോന്നി: അട്ടച്ചാക്കൽ-കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ ജി.സി.എസ്.എൽ.പി സ്കൂളിന്റെ സമീപത്തെ അപകടവളവ് നേരേയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെങ്ങറ ജങ്ഷനിൽ നിന്ന് വരുന്ന റോഡിലെ ഇറക്കത്തിന്റെയും നാടുകാണി ജങ്ഷനിൽനിന്ന് കയറ്റംകയറി വരുന്ന ഭാഗത്തെ റോഡിന്റെ കയറ്റത്തിലുമാണ് അപകട വളവുള്ളത്. ഇവിടെ നിരവധി വാഹനങ്ങൾ ഇതിനകം അപകടത്തിൽ പെട്ടിട്ടുണ്ട്.
നാടുകാണി ഭാഗത്തുനിന്ന് വേഗത്തിൽ കയറ്റം കയറി വരുന്ന വാഹനങ്ങൾ വളവിനു സമീപത്തുവരുമ്പോൾ മാത്രമാണ് വലിയ വളവ് കാണുന്നത്. ചെങ്ങറ ജങ്ഷനിൽനിന്ന് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ വളവിൽ അപകടത്തിൽ പെടുന്നതും പതിവാണ്. ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ സെൻട്രിഫ്യൂജിഡ് ലാറ്റക്സ് ഫാക്ടറിയിൽനിന്ന് ലോഡ് കയറ്റി വരുന്ന വലിയ ലോറികൾ വളവ് തിരിയാനാവാതെ റോഡിലെ വളവിൽ പല തവണ കുടുങ്ങി കിടക്കുകയും ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
നാലുവർഷം മുമ്പ് റോഡിലെ 13 കിലോമീറ്റർ ദൂരം കിഫ്ബി ഫണ്ട് ഉപയോഗിച്ച് 18 കോടി മുതൽ മുടക്കിൽ ബി.എം ബി.സി നിലവാരത്തിൽ വികസിപ്പിച്ചിരുന്നു. കോന്നി, റാന്നി നിയമസഭ മണ്ഡലങ്ങളിലെ കോന്നി, മലയാലപ്പുഴ, വടശ്ശേരിക്കര പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ബി.എം ബി.സി നിലവാരത്തിൽ റോഡ് വികസിപ്പിച്ച സമയത്ത് വളവ് നേരെയാക്കണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചെങ്കിലും നടപ്പായില്ല. ശബരിമല തീർഥാടന സമയത്ത് വടശ്ശേരിക്കരയിൽനിന്ന് വേഗത്തിൽ കോന്നിയിൽ എത്താൻ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽനിന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുമുള്ള തീർഥാടകർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. സമീപത്തെ പാറമടയിൽ നിന്ന് ലോഡ് കയറിവരുന്ന ടിപ്പർ ടോറസ് ലോറികളും ഇപ്പോൾ കൂടുതലായി ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.