കോന്നി: ശബരിമല മണ്ഡലകാലം ആരംഭിക്കാൻ നാലു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാത്തതിനാൽ ഈ തവണയും ഗതാഗത കുരുക്ക് അതിരൂക്ഷമാകും. സംസ്ഥാന പാതയിൽ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ കോന്നി ഗ്രാമ പഞ്ചായത്തിൽ ഗതാഗത ഉപദേശക സമിതി യോഗങ്ങൾ ചേർന്നിട്ടും തീരുമാനങ്ങൾ നടപ്പായില്ല.
സംസ്ഥാന പാതയിൽ ആവശ്യമായ ഭാഗങ്ങളിൽ വരകൾ അടയാളപ്പെടുത്തി സിഗ്നൽ ലൈറ്റ് അടക്കം സ്ഥാപിക്കും എന്നായിരുന്നു അവലോകന യോഗത്തിൽ എടുത്ത തീരുമാനം. കെ.എസ്.റ്റി.പി ആണ് ഈ ജോലി പൂർത്തിയാക്കേണ്ടത്. എന്നാൽ കെ.എസ്.റ്റി.പി ഈ ജോലികൾ പൂർത്തിയാക്കാത്തത് മൂലം ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിനും പൊലീസിനും കഴിയുന്നില്ല. കോന്നി ശബരിമല ഇടത്താവളത്തിൽ അടക്കം അയ്യപ്പ ഭക്തർ മണ്ഡലകാലത്ത് എത്തുന്നതാണ്. കാൽ നടയായി യാത്ര ചെയ്യുന്നവരും വാഹനങ്ങളിൽ എത്തുന്നവരും ഈ കൂട്ടത്തിൽ ഉണ്ട്.
മാത്രമല്ല സംസ്ഥാന പാതയുടെ ടാറിങ് പൂർത്തിയായ ശേഷം നിരവധി വാഹന അപകടങ്ങൾ ആണ് കോന്നിയിൽ നടന്നിട്ടുള്ളത്. കോന്നിയിലെ പ്രധാന ട്രാഫിക് ജങ്ഷനുകളിൽ ആവശ്യമായ സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തത് ആണ് യാത്രക്കാരെ വലക്കുന്നത്. കോന്നി ട്രാഫിക് ജംഗ്ഷനിൽ അടക്കം അപകട സൂചന ലൈറ്റ്കളോ സിഗ്നൽ ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. സ്ഥിരം അപകട മേഖലയായ മല്ലശേരി മുക്കിലും സ്ഥിതി വത്യസ്തമല്ല. നിരവധി വാഹന അപകടങ്ങൾ ഇവിടെയും നടന്നിട്ടുണ്ട്.
കോന്നിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ സ്ഥലം ഇല്ലാത്തത് ആണ് പ്രധാന പ്രശ്നം. കോന്നിയിലെ നിർദിഷ്ട്ട കെ.എസ്.ആർ.റ്റി.സി സ്റ്റാന്റ് മണ്ഡലകാലം കഴിയും വരെ വാഹന പാർക്കിങ്ങിനായി തുറന്ന് നൽകണം എന്നും ആവശ്യം ഉയരുന്നുണ്ട്. മണ്ഡല കാലം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ കോന്നിയിലെ ഗതാഗത ക്രമീകരണം കൃത്യമായി നടന്നില്ല എങ്കിൽ ഇത് തീർഥാടനത്തെ സാരമായി ബാധിക്കുവാൻ ആണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.