കോന്നി: പഞ്ചായത്ത് മൂന്നാം വാർഡ് അട്ടച്ചാക്കൽ വാട്ടർ ടാങ്കിന് സമീപം ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്. രാവിലെ 7.30ഓടെ ആയിരുന്നു സംഭവം. പാലമുറിയിൽ വീട്ടിൽ സജികുമാർ, മലയിൽ പറമ്പിൽ ബാബു മത്തായി, മലയിൽ പറമ്പിൽ അനിൽ ദാനിയേൽ, പുത്തൻ പറമ്പിൽ മറിയാമ്മ ദാനിയേൽ, പേരങ്ങാട്ട് മലയിൽ ബിന്ദു ജയിംസ് എന്നിവർക്കാണ് പരിക്കേറ്റത്.
ആക്രമണത്തിൽ പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവസ്ഥലത്തുനിന്നും 50 മീറ്റർ ദൂരത്താണ് സെന്റ് ജോർജ് ഹൈസ്കൂൾ, കേന്ദ്രീയ വിദ്യാലയം എന്നിവ പ്രവർത്തിക്കുന്നത്. സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന സ്ഥലത്താണ് സംഭവം നടന്നത്. കുട്ടികൾ ഈ പ്രദേശത്ത് കൂടി പോകുന്നതാണ്.
കോന്നി പഞ്ചായത്തിൽ ജാഗ്രത സമിതിയില്ല
കാട്ടുപന്നിയെ ഉന്മൂലനം ചെയ്യാൻ വനം വകുപ്പിെൻറയും ജനങ്ങളുടെയും സംയുക്ത സമിതിയായ ജാഗ്രത സമിതികൾ നിയോജക മണ്ഡലത്തിൽ എല്ലാ പഞ്ചായത്തിലും രൂപവത്കരിച്ചപ്പോൾ കോന്നിയിൽ മാത്രം ഒരു നടപടിയുമില്ല.
വനം വകുപ്പ് അധികൃതർ, പഞ്ചായത്ത് ജനപ്രതിനിധികൾ, തോക്ക് ലൈസൻസുള്ള ആളുകൾ എന്നിവർ ചേർന്ന സമിതിയാണ് ജാഗ്രത സമിതികൾ. ഈ സമിതി വഴി സംസ്ഥാനത്തെതന്നെ ആദ്യത്തെ ഉത്തരവ് ഇറക്കിയത് കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ ആയിരുന്നു. ഈ ഉത്തരവുപ്രകാരം അന്നത്തെ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ സലിൽ ജോസാണ് അരുവാപ്പുലം പഞ്ചായത്തിൽ അക്രമകാരിയായ കാട്ടുപന്നിയെ ആദ്യമായി വെടിവെച്ച് കൊന്നത്.
തോക്ക് ലൈസൻസുള്ള ആൾക്ക് വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ ശല്യക്കാരായ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാനും ഇതിലൂടെ കഴിയും. കഴിഞ്ഞദിവസം മലയാലപ്പുഴയിലും കാട്ടുപന്നി ഒരാളെ ആക്രമിച്ചിരുന്നു. കാട് തെളിക്കാതെ ഇട്ടിരിക്കുന്ന റബർ തോട്ടങ്ങൾ, പറമ്പുകൾ അടക്കമുള്ള സ്ഥലങ്ങൾ കാട്ടുപന്നിയുടെ താവളങ്ങളായി മാറുകയാണ്. കോന്നി നിയോജക മണ്ഡലത്തിൽ മുമ്പും നിരവധിയാളുകൾക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക് പറ്റുകയും ജീവിതംതന്നെ വഴിമുട്ടി പോവുകയും ചെയ്തിട്ടുണ്ട്. കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്ന സംഭവങ്ങളും അനവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.