ഹരികുമാർ
കോന്നി: ഭാരതീയ സംഗീതത്തിലെ അഭിഭാജ്യ ഘടകമായ ഹാർമോണിയം നിർമിക്കുന്ന തിരക്കിലാണ് കോന്നി മഠത്തിൽകാവ് കൊട്ടകുന്നിൽ കല്ലുവിളയിൽ വീട്ടിൽ ഹരികുമാർ. ഭാരതീയ സംഗീതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഹാർമോണിയം കേരളത്തിൽതന്നെ നിർമിക്കാൻ അറിയാവുന്നവർ വിരളമാണ്. ഹരികുമാറിന്റെ അച്ഛൻ രാജപ്പൻ ആചാരി ഹാർമോണിയം നിർമിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ആളായിരുന്നു.
എങ്കിലും അദ്ദേഹത്തിൽനിന്നും ഹരികുമാറിന് ഇതിന്റെ നിർമാണ വിദ്യ സ്വായത്തമാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇത് നിർമിക്കുകയും പഠിക്കുകയും വേണമെന്ന അതിയായ ആഗ്രഹംമൂലം ഹരികുമാർ കോട്ടയം സ്വദേശിയായ സംഗീതാധ്യാപകൻ ശിവരാമനെ സമീപിക്കുകയും അദ്ദേഹത്തിന് കീഴിൽ നിർമാണം അഭ്യസിക്കുകയുമായിരുന്നു. സിംഗിൾ റീഡ്, ഡബിൾ റീഡ്, ത്രിബിൾ റീഡ് എന്നിങ്ങനെ മൂന്നുതരം ഹാർമോണിയമാണുള്ളത്. തേക്കിൻ തടിയിലാണ് ഹാർമോണിയം നിർമിക്കുന്നത്. ഇതിന്റെ മറ്റ് ഭാഗങ്ങൾ കേരളത്തിൽ ലഭിക്കാത്തതിനാൽ പുണെയിൽനിന്നാണ് കൊണ്ടുവരുന്നത്.
സരിഗ ഹാർമോണിയം വർക്സ് എന്ന പേരിൽ ആരംഭിച്ച് നിർമാണം വിജയകരമായാണ് മുന്നോട്ട് പോകുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്നുപോലും ആവശ്യക്കാർ ഹരിയെ സമീപക്കാറുണ്ട്. 20,000 രൂപ മുതലാണ് ഒരെണ്ണത്തിന് വില. വളരെ ക്ഷമയുള്ളവർക്ക് മാത്രമേ ഇതിന്റെ നിർമാണം സാധ്യമാകുവെന്ന് ഹരികുമാർ പറയുന്നു. പ്രഗല്ഭരായ സംഗീത സംവിധായകർ പലരും പാട്ടിന്റെ ട്യൂൺ ചിട്ടപ്പെടുത്തുന്നത് ഹാർമോണിയം ഉപയോഗിച്ചാണ്. എന്നാൽ, ശ്രുതിപ്പെട്ടിയുടെ വരവോടെ ഹാർമോണിയം വിസ്മരിക്കപ്പെടുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.